‘സംസ്ഥാനത്ത് കൂടുതലും കോവിഡിന്റെ ഡെൽറ്റ വകഭേദം, രോഗികളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധന’; കർശനമായ ജാഗ്രതവേണമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കഴിഞ്ഞ ആഴ്ചത്തെക്കാള്‍ 100 ശതമാനം അധിക കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നും ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
എല്ലാ ജില്ലയിലും രോഗികള്‍ കൂടി. സമ്പര്‍ക്കം വഴിയാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. 20 മുതല്‍ 40 വയസ് വരെ പ്രായപരിധിയിലുള്ളവരിലാണ് രോഗബാധ കൂടുതല്‍. പുതിയ കോവിഡ് കേസുകളില്‍ കൂടുതലും ഡെല്‍റ്റാ വകഭേദമാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഒമിക്രോണ്‍ ക്ലസ്റ്ററുകല്‍ നിലവില്‍ കണ്ടെത്തിയിട്ടില്ല. 345 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 155 പേര് രോഗമുക്തരായി. വരും ദിവസങ്ങളില്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഇതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന് 99 ശതമാനവും രണ്ടാം ഡോസ് 82 ശതമാനവും കടന്നതായും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കുള്ള വാക്സിനേഷന് 39 ശതമാനമാനത്തിലെത്തിയെന്നും 60421 പേര്‍ക്ക് ഇതുവരെ കരുതല്‍ ഡോസ് വാക്സിന് നല്‍കിയതായും മന്ത്രി വിശദീകരിച്ചു.