ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംശയകരമായ പണമിടപാടുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം എല്ലാ ബാങ്കുകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക്
ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളില്‍ അസ്വഭാവികമായും സംശയിക്കത്തക്ക രീതിയിലും നടക്കുന്ന ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം/പിന്‍വലിക്കല്‍, ഒരു അക്കൗണ്ടില്‍ നിന്ന് ആര്‍.ടി.ജി.എസ് വഴി അസ്വഭാവികമായി ഒരുപാട് അക്കൗണ്ടുകളിലേക്ക് തുക കൈമാറല്‍, സ്ഥാനാര്‍ഥി സത്യവാങ്മൂലത്തില്‍ പറഞ്ഞ സ്വന്തമോ പങ്കാളിയുടെയോ ആശ്രിതരുടെയോ അക്കൗണ്ടില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍/പിന്‍വലിക്കല്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍/പിന്‍വലിക്കല്‍, തെരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് സംശയകരമായ പണമിടപാടുകള്‍ എന്നിവയാണ് ദിനേനയുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കേണ്ടത്.