മാരകരോഗത്താല്‍ വലയുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ദുരിതാശ്വാസ നിധി വിപുലീകരിക്കും; ഡയാലിസിസ് ചെയ്യുന്ന മുഴുവന്‍ രോഗികള്‍ക്കും ധനസഹായവുമായി മൂടാടി ഗ്രാമപഞ്ചായത്ത്


മൂടാടി: ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് സഹായവുമായി മൂടാടി ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പരിധിയിലെ ഡയാലിസിസ് ചെയ്യുന്ന മുഴുവന്‍ രോഗികള്‍ക്കും ധനസഹായം വിതരണം ചെയ്തു. പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ധനസഹായ വിതരണം നടന്നത്.

മാരകരോഗം ബാധിച്ച് പ്രയാസമനുഭവിക്കുന്നവര്‍ക്ക് പരമാവധി സഹായമെത്തിക്കാന്‍ ദുരിതാശ്വാസ നിധി വിപുലീകരിക്കാന്‍ ഭരണ സമിതിയും പൊതു പ്രവര്‍ത്തകരും ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായി. പഞ്ചായത്തിലെ ഉദാരമതികളായ വ്യക്തികള്‍ സ്ഥാപനങ്ങള്‍ സംഘടനകള്‍ എന്നീ സംവിധാനങ്ങളെ ഏകോപിപ്പിച്ച് സഹായ നിധി വിപുലീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് മുന്‍കൈയടുക്കും.

18 വാര്‍ഡുകളിലെയും അര്‍ഹരായ രോഗികളെ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് യൂണിറ്റിന്റെ സഹായത്തോടെ കണ്ടെത്തിയാണ് ധനസഹായ വിതരണം നടത്തിയത്. പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറും പ്രസിഡന്റ് ചെയര്‍മാനുമായ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് താല്പര്യമുള്ളവര്‍ക്ക് ഫണ്ട് നിക്ഷേപിക്കാവുന്നതാണ്.

രോഗം കാരണം തകര്‍ന്നു പോയ കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് അറിയിച്ചു. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.മോഹനന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ.ഭാസ്‌കരന്‍, എം.പി.അഖില. വാര്‍ഡ് മെമ്പര്‍ പി.പി.കരീം, മൂടാടി വില്ലാജ് ഓഫീസര്‍ ജയന്‍, മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിജയരാഘവന്‍ മാസ്റ്റര്‍, ചേന്നോത്ത് ഭാസ്‌കരന്‍ മാസ്റ്റര്‍, റഫീഖ് ഇയ്യത്ത് കുനി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം.ഗിരീഷ് നന്ദി പറഞ്ഞു.