വടകരയില്‍ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം തീവെച്ച് നശിപ്പിച്ചു; ഒരാള്‍ കസ്റ്റഡിയില്‍
വടകര: ഡി.വൈ.എസ്.പിയുടെ ഓഫീസില്‍ പോലീസ് വാഹനം തീ വെച്ച് നശിപ്പിച്ചു. വടകര ഡി.വൈ.എസ്.പി വിനോദ് കുമാറിന്റെ കെഎല്‍ 01 സിഎച്ച്. 3987 നമ്പര്‍ ഔദ്യോഗിക വാഹനമാണ് തീവെച്ച് നശിപ്പിച്ചത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഡി.വൈ.എസ്.പിയുടെ ഓഫിസിന് മുന്‍ വശം നിര്‍ത്തിയിട്ടിരുന്ന വാഹനം പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലായിരുന്നു. വടകര ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തിയിരുന്നു.
പുലര്‍ച്ചയോടെ വടകര താഴെ അങ്ങാടിയിലും കടയക്ക് നേരെ തീവെപ്പ് ശ്രമം ഉണ്ടായി. മുസ്ലീം ലീഗ് നേതാവ് ഫൈസലിന്റെ ചാക്ക് കടയ്ക്ക് നേരെയായിരുന്നു തീവെപ്പ് ശ്രമം ഉണ്ടായത്. കടയില്‍ നിന്നും തീ കത്തുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ തീ അണയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ തന്നെയാണോ വാഹനം കത്തിച്ചതിന് പിന്നിലും എന്ന് സംശയിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരുന്നതായി പോലീസ് അറിയിച്ചു. സിസിടിവി ഉള്‍പ്പെടെ പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്.