‘സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം മൂല്യബോധമുള്ള വിദ്യാഭ്യാസമാണ്’; ചാവട്ട എം.എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് എം.പി കെ. മുരളീധരന്‍


മേപ്പയ്യൂര്‍: ചാവട്ട എം.എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് എം.പി കെ. മുരളീധരന്‍. സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം മൂല്യബോധം ഉള്ള വിദ്യാഭ്യാസം കൈവരിക്കലാണെന്നും പുതിയ കാലത്തെ മാറ്റങ്ങള്‍ ഉള്‍കൊണ്ട് ധാര്‍മികതയും സാക്ഷരതയും ഒരുമിച്ചുണ്ടാകുന്ന സമൂഹത്തെ വാര്‍ത്തെടുക്കലാകണം വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

അല്‍ മാഹിര്‍ അക്കാദമിക് അവാര്‍ഡ് നേടിയ കുട്ടികളെ കെ. മുരളീധരന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. കളറിംഗ് മത്സരത്തില്‍ വിജയിച്ച നഴ്‌സറി കുട്ടികള്‍ക്ക് രമേഷ് കാവില്‍ ഉപഹാരം സമ്മാനിച്ചു. സ്‌കോളര്‍ഷിപ്പ് എക്‌സാം വിജയിച്ച നഴ്‌സറി കുട്ടികള്‍ക്കും ഉപഹാരം വിതരണം ചെയ്തു. പ്രശസ്ത ഗാനരചയിതാവ് രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പി.ടി.എ പ്രസിഡണ്ട് ഇ.എം വിനോദ്, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളായി കെ. ശശിധരന്‍, അബ്ദുള്ള പുതിയോട്ടില്‍, ഇ.കുഞ്ഞിരാമന്‍ കിടാവ്, വേണു കീര്‍ത്തനം, മധു പുഴയരികത്ത്, മാനേജര്‍ പി. കുഞ്ഞമ്മദ്, പൂര്‍വ്വ അധ്യാപകരായ ടി. വേണു മാസ്റ്റര്‍, എ.വി നാരായണന്‍ മാസ്റ്റര്‍, റസാഖ് മാസ്റ്റര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, കരാട്ടെ പ്രദര്‍ശനം, ഗാനവിരുന്ന് എന്നിവയും നടന്നു. സ്‌കൂള്‍ പ്രധാന അധ്യാപിക സി.എം സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പി രബിഷ നന്ദിയും പറഞ്ഞു.