കനത്ത ചൂടിലും തളരാത്ത പ്രചരണവുമായി കെ.കെ.ശൈലജ ടീച്ചര്‍; കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍ വന്‍ സ്വീകരണം


കുറ്റ്യാടി: വടകര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ. കുറ്റ്യാടി, നാദാപുരം നിയമസഭാ മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് ശൈലജ ടീച്ചര്‍ ഇന്ന് പ്രചരണത്തിനെത്തിയത്.

രാവിലെ ഏഴ് മണിക്ക് കുറ്റ്യാടി മണ്ഡലത്തിലെ മരുതോങ്കരയിലാണ് പ്രചരണം തുടങ്ങിയത്. കുറ്റ്യാടിയിലെത്തിയ ശൈലജ ടീച്ചര്‍ അമാന ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു. പഴയ ആരോഗ്യമന്ത്രിയെ ഏറെ ഹൃദ്യമായാണ് ഇവിടുത്തെ ജീവനക്കാര്‍ സ്വീകരിച്ചത്.

മുള്ളന്‍കുന്നിലെ സെന്റ് മേരീസ് ചര്‍ച്ചും ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. കായക്കൊടിയിലും കുണ്ടുതൊടിലുമെല്ലാം വലിയ തോതിലുളള സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. കനത്ത ചൂടിലും നൂറുകണക്കിന് ആളുകളാണ് സ്ഥാനാര്‍ത്ഥിയെ കാണാനായെത്തിയത്. വളരെ സന്തോഷകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കെ.കെ.ശൈലജ ടീച്ചര്‍ പറയുന്നത്.

നിലവിലെ എം.പി കൂടിയായ കെ.മുരളീധരന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വടകര മണ്ഡലത്തിലെ വികസന മുരടിപ്പാണ് കെ.കെ.ശൈലജ തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത്. ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഓരോ സംസ്ഥാനത്തുനിന്നും ഇന്ത്യാമുന്നണിയിലെ വിവിധ പാര്‍ട്ടികള്‍ ആര്‍ജിച്ചെടുക്കുന്ന സീറ്റും ഇടതുപക്ഷത്തിന്റെ പിന്തുണയും ചേര്‍ന്നുള്ള സര്‍ക്കാറിനുവേണ്ടിയാണ് ഇടതുപക്ഷം വോട്ടു ചോദിക്കുന്നത്.

ഒരുപാട് വികസനങ്ങള്‍ വടകര ആഗ്രഹിക്കുന്നുണ്ട്. അമൃത് പദ്ധതിയില്‍ റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിച്ചതല്ലാതെ മറ്റുതരത്തിലുള്ള വികസനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല. എം.പിയായി അധികാരത്തില്‍ വന്നാല്‍ വടകര മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി ജനപ്രതിനിധികളുമായും വിദഗ്ധരുമായും ചര്‍ച്ച ചെയ്ത് ഒരു പദ്ധതിയുണ്ടാക്കി അതുപ്രകാരമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ശൈലജ ടീച്ചര്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കി.