ഇനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോകാതെ ചികിത്സ ലഭ്യമാകും; പേരാമ്പ്രയില്‍ ആതുര സേവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ‘ഭിഷഗ്വര’ പദ്ധതിക്ക് എരവട്ടൂരില്‍ തുടക്കം
പേരാമ്പ്ര: ഗ്രാമ കേന്ദ്രങ്ങളില്‍ ആതുര സേവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ഭിഷഗ്വര പദ്ധതിക്ക് തുടക്കമായി. എരവട്ടൂര്‍ സബ്ബ് സെന്ററിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായ പ്രാഥമിക മരുന്നുകളും ലാബ് സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. ജനങ്ങള്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്താതെ, പ്രാദേശിക തലത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ആഴ്ചയില്‍ ഒരു ദിവസമായിരിക്കും കേന്ദ്രത്തില്‍ പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുക. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ സബ് സെന്ററുകളായ എരവട്ടൂര്‍, ചേനായി, കണ്ണിപ്പൊയില്‍, മരുതേരി എന്നിവിടങ്ങള്‍ക്ക് പുറമേ കോടേരിച്ചാലിലുമാണ് പ്രാഥമികമായി ഭിഷഗ്വര പദ്ധതി നടപ്പിലാക്കുന്നത്.
സബ് സെന്ററില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ കെ. നഫീസ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. പ്രേമന്‍, വിനോദ് തിരുവോത്ത്, ഡോ: അനഘ, ടി. എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.സി. കുഞ്ഞബ്ദുള്ള, പി.കെ. ഷൈജു, ജെ.എച്ച്.ഐ മാരായ വി.ഒ.അബ്ദുള്‍ അസീസ്, ചിഞ്ചു. കെ.എം. എന്നിവര്‍ സംസാരിച്ചു.