കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജ്‌ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന ആരോപണം; ‘മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത വ്യാജം, സംഭവത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന് എസ്.എഫ്.ഐ


Advertisement

കൊയിലാണ്ടി: കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്‌ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി എസ്.എഫ്.ഐ രംഗത്ത്‌. മാതൃഭൂമി ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത വ്യാജമാണെന്നും പരാതിക്കാരൻ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തതിൽ പ്രധാന പ്രതിയെന്നുമാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്‌.

Advertisement

”എസ്.എന്‍.ഡി.പി കോളേജിലെ ആദ്യ വർഷ വിദ്യാർത്ഥിയായ അനുനാഥ്‌ രണ്ടാം വർഷ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിങ്ങിന് വിധേയമായിരുന്നു. കോളേജിൽ ആർട്സ് നടക്കുന്ന ദിവസം കോളേജിലൂടെ നടന്നു പോകുന്ന അനുനാഥിനെ ഷെഫാക്ക്, ആദിത്യൻ, ആദർശ് തുടങ്ങിയ രണ്ടാം വർഷ വിദ്യാർത്ഥികൾ അടുത്തേക്ക് വിളിക്കുകയും അകാരണമായി 13 ഓളം പേര്‍ ചേര്‍ന്ന്‌ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. CCTV യുടെ മുൻപിൽ വച്ചാണ് റാഗിംഗ് നടക്കുന്നത്. ഇതിന് ശേഷം അനുനാഥിനെ ഗ്രൗണ്ടിലേക്ക് പിടിച്ച് വലിച്ചു കൊണ്ടുപോയി ഇതേ സംഘം 20 ഓളം പേർ ചേർന്ന് വടി ഉപയോഗിച്ച് അടിച്ചും നിലത്തിട്ട് ചവിട്ടിയും പരിക്കേൽപ്പിച്ചു. മുഖത്തും ദേഹത്തും പരിക്കും വായിൽ നിന്ന് ചോരയും വന്നതിനെ തുടർന്ന് അനുനാഥ്‌ കൊയിലാണ്ടി താലൂക് ആശുപത്രിയിലും ഡോക്ടർ പറഞ്ഞ പ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു”വെന്നാണ് എസ്.എഫ്.ഐ പറയുന്നത്‌.

Advertisement

”ഒന്നാം വർഷ വിദ്യാർത്ഥികളെ നിരന്തരം അടിക്കണം എന്ന വിദ്യാർത്ഥി വിരുദ്ധ നിലപാടോടെ കുറച്ച് രണ്ടാം വർഷ വിദ്യാർത്ഥികൾ ഒരു ഗാങ്ങായി തിരിയുകയും, എസ്എഫ്ഐ ഇതിന് അനുവദിച്ചുകൊടുക്കാത്തതുമാണ്‌ തുടക്കം മുതൽ ഉള്ള പ്രശ്‌നങ്ങളുടെ കാരണമെന്നും ഒന്നാം വർഷ വിദ്യാർത്ഥിയായ അനുനാഥ്‌ കോളേജിലെ മുഴുവൻ പ്രവർത്തനങ്ങളിലും ഇടപെടുന്നത് ഇഷ്ടപ്പെടാത്ത കാരണത്താൽ ഇതിന് മുമ്പും സമാനമായ രീതിയിൽ അമലിൻ്റെ നേതൃത്വത്തിലുള്ള ഈ ഗാങ്ങ് അനുനാദിനെ ഉൾപെടെയുള്ള ഒന്നാം വർഷ വിദ്യാർത്ഥികളെ ക്യാൻ്റീൻ പരിസരത്ത് വെച്ച് മർദ്ദിക്കാൻ ശ്രമിച്ചിരുന്നു. എസ്എഫ്ഐ പ്രവർത്തകൻ ഇടപെട്ടാണ് പരിഹരിച്ചതെന്നും. അമൽ ഉൾപ്പെടെയുള്ള റാഗിംഗ് നടത്തിയ വിദ്യാർത്ഥികൾക്കെതിരായ പരാതി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലും ഫെബ്രുവരി 26ന് എസ്.എന്‍.ഡി.പി പ്രിൻസിപ്പളിനും അനുനാഥ്‌ നൽകിയിട്ടുണ്ടെന്നും എസ്.എഫ്.ഐ പറഞ്ഞു.

Advertisement

”കോളേജ് ആന്റി റാഗിഗ് സെല്ലിന്റെ മുന്നിൽ ആണ് നിലവിൽ പരാതി ഉള്ളത്. റാഗിംഗ് പരാതി നിലനിൽക്കുമ്പോൾ പരാതിയിൽ ഉള്ള അമൽ മാത്രമാണ് കോളേജിൽ വന്നത്. ഈ വിഷയം സംസാരിക്കാൻ അമൽ കോളേജിനു പുറത്തേക്ക് വന്നിരുന്നു. വീണ്ടും അനുനാഥിനെ പ്രകോപിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയും ദേഹത്തുപിടിച്ചു ഉന്തുകയും ചെയ്തപ്പോൾ ഉണ്ടായ തള്ളലിലാണ് നിലവിൽ പരാതിയുമായി വന്ന അമലിന് പരിക്കുണ്ടായത്. പരിക്ക് പറ്റിയ അമലിനെ ആശുപത്രിയിൽ എത്തിച്ചതും ഒ പി ടിക്കറ്റ് എടുത്തതും ഡോക്ടറുടെ അടുത്തേക്ക് പോയതും അമലിന്റെ സുഹൃത്തുക്കളാണെന്ന് എസ്.എഫ്.ഐ പറഞ്ഞു.

”ഇവർ തന്നെയാണ് കേസ് വരാതിരിക്കാൻ അപകടം പറ്റിയതാണ് എന്ന് ആശുപത്രിയിൽ പറഞ്ഞത്. ഇത് എസ്എഫ്ഐ പ്രവർത്തകരാണ് ചെയ്തത് എന്ന് വന്ന വാർത്തയും വസ്തുതാവിരുദ്ധമാണ്. പിന്നീട് നിലനിൽക്കുന്ന റാഗിംഗ് പരാതിയിൽ ഉൾപ്പെട്ട അമൽ കൗണ്ടർ കേസ് ആയി ഇതിനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് വസ്തുത. ചാനലുകളിൽ ഒരാൾ ആണ് മർദിച്ചത് എന്ന് പറയുകയും സ്റ്റേഷനിൽ 20 ഓളം വരുന്ന സംഘമാണ് അടിച്ചത് എന്നുമാണ് അമൽ പരാതി നൽകിയത്. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഞായറാഴ്ചയാണ് കേസുമായി മുന്നോട്ട് വന്നത്. ഇതിൽ വിഷയത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിനു വേണ്ടി പത്ര ലേഖകരും മറ്റു ചിലരും ഇടപെട്ടു എന്നാണ് മനസ്സിലാക്കുന്നത്. നിലവിൽ അമൽ ഉൾപ്പെടെ റാഗിംഗ് ഉൾപ്പെട്ടവർക്കെതിരെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ ഉള്ള വ്യാജവാർത്തകൾക്ക് എതിരായി വിദ്യാർത്ഥികൾ ശക്തമായി രംഗത്ത് വരണമെന്ന്‌” എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.