പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍.എസ്.എസുകാരായ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ ജയരാജന്‍; ഇരയെന്ന നിലയില്‍ നീതി ലഭിച്ചില്ലെന്ന് പ്രതികരണം
കണ്ണൂര്‍: അക്രമത്തിന്റെ ഇരയെന്ന നിലയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. വീട്ടില്‍ കയറി തന്നെ വധിക്കാന്‍ ശ്രമിച്ച കേസിന്റെ കാര്യത്തിൽ കോടതി കാണിച്ച നീതീകരിക്കാനാവാത്ത ധൃതി ശ്രദ്ധിക്കപ്പെടേണ്ടതാണെന്നും വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയിൽ നീതി നിഷേധമാണ് ഇവിടെ സംഭവിച്ചതെന്നും ജയരാജന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
1999ല്‍ വീട്ടില്‍ക്കയറി പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച ആറ് പ്രതികളില്‍ അഞ്ച് പേരെ ഹൈക്കോടതി ശിക്ഷ റദ്ദാക്കി വിട്ടയച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ജയരാജന്‍ ഇന്ന് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
വിധി വന്നതിന് പിന്നാലെ ”നീതി ലഭിച്ചില്ലെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും, . ഇരയെന്ന നിലയിൽ സുപ്രീം കോടതിയിൽ ഹർജി നൽകാൻ സാധിക്കുമോയെന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. കേസ് നടപടികളിൽ അസാധാരണത്വം ഉണ്ടായതായി കഴിഞ്ഞ വർഷം ജനുവരി 26ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പരാതി നൽകിയിരുന്നു. ആ ബെഞ്ചിനെ മാറ്റണമെന്ന ആവശ്യത്തിൽ നടപടിയുണ്ടായില്ലെന്നും ജയരാജന്‍ പ്രതികരിച്ചിരുന്നു.
പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
24 വർഷങ്ങൾക്ക് മുമ്പ് തിരുവോണദിവസം വീട്ടിൽ കയറി എന്നെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് വിചാരണ കോടതി നൽകിയ ശിക്ഷ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നിരിക്കുന്നു. വിധി ഉണ്ടാക്കിയ അമ്പരപ്പിനെ തുടർന്ന് പലരും എന്നെ വിളിച്ച് അവരുടെ അഭിപ്രായങ്ങൾ അറിയിക്കുകയുണ്ടായി.
കീഴ്ക്കോടതികളുടെ വിധികൾ മേൽക്കോടതികൾ റദ്ദാക്കുന്നത് സ്വാഭാവികമാണ്. ഞാൻ ഇരയായിട്ടുള്ള വധശ്രമ കേസിൻ്റെ ഹൈക്കോടതി വിധിയും അതുകൊണ്ട് തന്നെ ഞാൻ വ്യക്തിപരമായി എടുക്കുന്നുമില്ല. എന്നാൽ ജുഡീഷ്യറിയുടെ പല തലങ്ങളിലും ആർ.എസ്.എസിൻ്റെ ഇടപെടലുകൾ സാർവ്വത്രികമായി ചർച്ച ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ കേരള ഹൈക്കോടതിയുടെ ഈ കേസിലെ നടപടി ക്രമങ്ങൾ സസൂക്ഷ്മം പിന്തുടർന്നിരുന്നു. കാരണം ആർ.എസ്.എസ്. പ്രമുഖൻ കൂടി പ്രതികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
2023 ഡിസംബർ 20 നാണ് അപ്പീൽ ഹരജികൾ ബഹുമാനപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത്. പരിഗണനക്കെടുത്തപ്പോൾ കേസ് മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് ഗവൺമെൻ്റ് പ്ലീഡർ കോടതിയോടപേക്ഷിച്ചു . അപ്പീൽ ഹരജി കേൾക്കുന്നത് ക്രിസ്മസ് വെക്കേഷന് ശേഷം പരിഗണിക്കാമെന്ന് ജഡ്ജ് പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം അതായത് ഡിസംബർ 21ന് ഈ മൂന്ന് അപ്പീലുകളും പരിഗണനക്കായി പോസ്റ്റ് ചെയ്യുകയാണുണ്ടായത്. 21ന് ഈ കേസ് പരിഗണനക്കെടുത്തപ്പോൾ തലേ ദിവസത്തെ കോടതിയുടെ തീരുമാനം വെക്കേഷന് ശേഷം പരിഗണിക്കണമെന്നായിരുന്നുവെന്ന കാര്യം ഗവൺമെൻ്റ് പ്ലീഡർ ഓർമ്മിപ്പിച്ചു. അങ്ങനെയാവാമെന്ന് കോടതിയും. ക്രിസ്മസ് അവധിക്ക് ശേഷം 2024 ജനുവരി 4ന് കേസ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെയാണ് അസ്വാഭാവികമായ നടപടിയുണ്ടായത്. ഈ കേസ് ‘ഭാഗീകമായി കേട്ടു’ എന്നു കൂടി കോടതി രേഖപ്പെടുത്തി. യഥാർത്ഥത്തിൽ അപ്പീലുകളുടെ ഭാഗമായി ഒരു വാദവും ആരും ഉയർത്തിയിരുന്നില്ല. ഇത് ഇങ്ങനെ രേഖപ്പെടുത്തിയത് നീതിനിർവഹണ കാര്യത്തിൽ ഗൗരവമായ പ്രശ്നമാണ്. അപ്പീൽ പരിഗണിച്ച ബെഞ്ചിലെ വീഡിയോ ഫുട്ടേജ് പരിശോധിച്ചാൽ മേൽപറഞ്ഞതെല്ലാം വസ്തുതയാണെന്ന് വ്യക്തമാവും.
കേസിൻ്റെ കാര്യത്തിൽ കോടതി കാണിച്ച നീതീകരിക്കാനാവാത്ത ധൃതി ശ്രദ്ധിക്കപ്പെടേണ്ടതാണ്. അക്രമത്തിൻ്റെ ഇരയെന്ന നിലയിൽ അതിനാൽ തന്നെ എനിക്ക് നീതി ലഭിച്ചില്ല. വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയിൽ നീതി നിഷേധമാണ് ഇവിടെ സംഭവിച്ചത്.