ടാറിങ്ങും കോണ്‍ക്രീറ്റും ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷ; മൂരാട് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തില്‍, ഗതാഗതക്കുരുക്ക് അഴിയുമെന്ന പ്രതീക്ഷയില്‍ യാത്രക്കാര്‍


പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച മൂരാട് പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തില്‍. ആറുവരിയിലാണ് പുതിയ പാലം നിര്‍മ്മിച്ചത്. പാലം തുറക്കുന്നതോടെ ദേശീയപാതയില്‍ ഈ മേഖലയില്‍ പതിവായ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

പാലത്തിന് മുകളില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള മൂന്നുവരി റോഡിന്റെ കോണ്‍ക്രീറ്റും ടാറിങ്ങുമാണ് നിലവില്‍ നടക്കുന്നത്. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുംവിധം ഈ ഭാഗം ഒരാഴ്ചക്കകം തുറന്നുകൊടുക്കാന്‍ സാധ്യതയുണ്ട്.

നിലവിലെ പാലത്തിന് അടുത്തായി കുറ്റ്യാടിപുഴക്ക് കുറുകെയാണ് പാലം നിര്‍മ്മിച്ചത്. മൂന്ന് വരിക്ക് പതിനാറ് മീറ്റര്‍ വീതമാണ് പാലത്തിന് മുകളില്‍ ഇരുഭാഗത്തേക്കുള്ള റോഡിന്റെ വീതി. മുപ്പത്തിരണ്ട് മീറ്ററില്‍ ആറുവരിയായി വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സാധിക്കും വിധത്തിലാണ് പാലം. ഇപ്പോള്‍ പാലത്തിന് മുകളില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള മൂന്ന് വരിയാണ് കോണ്‍ക്രീറ്റ് ടാറിംങും ഇരുഭാഗത്തേക്കുമുള്ള അനുബന്ധ റോഡുകളുടെയും നിര്‍മാണങ്ങള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുന്നത്.

ഹരിയാന ആസ്ഥാനമായ കരാറുകാരായ ഇ – ഫൈവ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഈ ഭാഗത്തെ പ്രവൃത്തി നടത്തുന്നത്. പാലോളിപ്പാലം മുതല്‍ മൂരാട് പാലം വരെയുള്ള 2 .1 കിലോമീറ്റര്‍ ദൂരമുള്ള പ്രവൃത്തികളാണ് ഇവര്‍ പൂര്‍ത്തിയാക്കേണ്ടത്.

അതേ സമയം വടകരഭാഗത്തേക്കുള്ള അപ്രോച്ച് റോഡുകളും പാലത്തിന് മുകളിലെ റോഡ് കോണ്‍ക്രീറ്റും പൂര്‍ത്തിയായാല്‍ മാത്രമെ പാലം പൂര്‍ണ്ണമായും തുറന്നുകൊടുക്കാന്‍ സാധിക്കുകയുള്ളൂ. ഇത് മാര്‍ച്ച് പകുതിയോടെ മാത്രമെ പൂര്‍ത്തിയാവുകയുള്ളൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ബ്രദേഴ്‌സ് ബസ് സ്റ്റോപ്പ് മുതല്‍ അപ്രോച്ച് റോഡ് ഒരു ഭാഗത്ത് മാത്രമെ പൂര്‍ത്തിയായിട്ടുള്ളൂ.

68.5 കോടി നിര്‍മാണച്ചെലവുള്ള പാലത്തിന്റെ പണി 2021 ലാണ് ആരംഭിച്ചത്. 150 ഓളം ഇതരസംസ്ഥാന തൊഴിലാളികള്‍ രാപ്പകല്‍ ഷിഫ്റ്റിലാണ് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.