ജീവൻ എടുക്കാനും മടിക്കാത്ത മത്സരയോട്ടം; കൊയിലാണ്ടി സ്റ്റാന്റിൽ സംഘർഷം സൃഷ്ടിച്ച സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയെടുത്ത് പോലീസ്
കൊയിലാണ്ടി: മത്സരയോട്ടം കയ്യാങ്കളിയിലെത്തിച്ച് കൊയിലാണ്ടി ബസ് സ്റ്റാൻഡ് സംഘർഷഭരിതമാക്കി, പ്രശ്നമുണ്ടാക്കിയ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്.
തിങ്കളാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂരിൽ നിന്നും കണ്ണൂരിൽ നിന്നു കോഴിക്കോടെക്ക് പോകുന്ന സ്വാകാര്യ ബസ്സുകൾ ബസ്സുകൾ തമ്മിലുള്ള മത്സര ഓട്ടത്തിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഒടുവിൽ അത് കൊയിലാണ്ടി ബസ്റ്റാൻഡിൽ ജീവനക്കാർ തമ്മിലുള്ള കയ്യാങ്കളിയിലാണ് കലാശിച്ചത്.
ബസ്സുകൾ തമ്മിൽ ഉരസിയതാണ് സംഘർഷത്തിന് കാരണമായത്. ബസുകൾകൾ അമിത വേഗത്തിലാണ് സ്റ്റാൻഡിലേക്ക് വന്നു കയറിയത്. എന്നാൽ മത്സരയോട്ടത്തിനിടയിൽ ബസ്സുകൾ തമ്മിൽ ചെറുതായി ഉരസുകയുണ്ടായി. ഇതാണ് പിന്നീട് സംഘർഷത്തിനിടയാക്കിയത്.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി താത്കാലികമായി പ്രശ്നം പരിഹരിച്ചെങ്കിലും ഇരു കൂട്ടർക്കുമെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. ബസ്സുകൾ പിടിച്ചെടുത്താൽ യാത്രക്കാർക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഓടാൻ അനുവദിക്കുന്നതെന്നും ഇരു കൂട്ടർക്കുമെതിരെ പെറ്റി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൊയിലാണ്ടി സി.ഐ സുനിൽകുമാർ പറഞ്ഞു.
ദീർഘദൂര ബസ്സുകളുടെ മൽസരയോട്ടത്തിൽ നിരവധി ജീവനുകൾ കൊയിലാണ്ടിയിൽ പൊലിഞ്ഞിരുന്നു. മൽസരയോട്ടം നിയന്ത്രിക്കാൻ പദ്ധതികൾ നടപ്പിലാക്കിയിരുന്നെങ്കിലും ആരംഭത്തിലെ ശൂരത്വമായി മാറി. മൽസരയോട്ടത്തിനു ഇതുവരെ കടിഞ്ഞാണിടാൻ സാധിച്ചിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്.