സെഞ്ച്വറിയടിച്ചതിലേറെ സന്തോഷം ടീമിനെ ജയിപ്പിക്കാനായതില്‍; രഞ്ജി ട്രോഫിയിലെ പെര്‍ഫോമെന്‍സിനെക്കുറിച്ച് രോഹന്‍ കുന്നുമ്മല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നു സെഞ്ച്വറി എന്ന ചരിത്ര നേട്ടം കുറിച്ചുകൊണ്ടാണ് കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മല്‍ മടങ്ങിയത്. മികച്ച പെര്‍ഫോമെന്‍സ് പുറത്തെടുക്കാനായതിന്റെ സന്തോഷമുണ്ടെങ്കിലും നോക്കൗട്ടില്‍ കടക്കാന്‍ പറ്റാത്തതില്‍ വലിയ നിരാശയുണ്ടെന്നാണ് രോഹന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ‘എനിക്കു മാത്രമല്ല, ടീമിനാകെ നിരാശയുണ്ട്. അത്രയേറെ മത്സരിച്ചു കളിച്ചിരുന്നു എല്ലാവരും. നിര്‍ഭാഗ്യമെന്നു പറഞ്ഞാലും തെറ്റില്ല, ചെറിയൊരു പോയിന്റിന്റെ വ്യത്യാസത്തിലാണ് പുറത്താവേണ്ടിവന്നത്.’ രോഹന്‍ പറയുന്നു.
തന്നെ സെഞ്ച്വറിയിലേക്ക് എത്തിച്ചത് തീര്‍ച്ചയായും ടീമിന്റെ മികച്ച പിന്തുണയാണെന്നും അദ്ദേഹം പറയുന്നു. ‘ കോച്ച്, അസിസ്റ്റന്റ് കോച്ച്, ട്രെയ്‌നര്‍, ഫിസിയോ എന്നിങ്ങനെ ഒരുപാട് പേരുടെ പരിശ്രമമുണ്ട് ഓരോ പെര്‍ഫോമെന്‍സിലും. ഇവരെ ഗൈഡന്‍സും നിര്‍ദേശങ്ങളുമൊക്കെയാണ് മികച്ച ഇന്നിങ്‌സുകളിലേക്ക് എത്തിക്കുന്നത്. ‘
രഞ്ജിയിലെ പ്രിയപ്പെട്ട ഇന്നിങ്‌സ് ഏതാണെന്ന് ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ രോഹന്‍ പറയും, ഗുജറാത്തുമായുള്ള രണ്ടാം ഇന്നിങ്‌സെന്ന്. ‘ഞാന്‍ നൂറടിച്ചതിലേറെ സന്തോഷം എന്റെ പ്രകടനം കൊണ്ട് ടീമിനെ ജയിപ്പിക്കാനായി എന്നതിനാലാണ്.’
രണ്ടുവര്‍ഷം മുമ്പായിരുന്നു രഞ്ജിയിലെ രോഹന്റെ അരങ്ങേറ്റം. എന്നാല്‍ പരിക്ക് കാരണം ഒരു കളിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് കോവിഡ് കാരണം രഞ്ജി നടന്നില്ല. എങ്കിലും രോഹന്‍ മികച്ച മത്സരം പുറത്തെടുക്കാനുള്ള കഠിനമായ പരിശ്രമം ഉപേക്ഷിച്ചില്ല. വീട്ടിലും മണിക്കൂറുകള്‍ നീണ്ട പരിശീലനം തുടര്‍ന്നു. ഈ സീസണില്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ടൂര്‍ണമെന്റിലും തിളങ്ങാനായതോടെ രഞ്ജി ടീമിലേക്കുള്ള തിരിച്ചുവരവും സാധ്യമായി.
ക്രിക്കറ്റ് കളിയില്‍ മുന്നോട്ടുള്ള കുതിപ്പ് പരിശ്രമം എന്ന ഒന്നുണ്ടെങ്കിലേ സാധിക്കൂവെന്നാണ് രോഹന്‍ പറയുന്നത്. എവിടെ ഏതു പ്രദേശത്തുള്ളയാളായാലും കളിയോടുള്ള പാഷന്‍ മനസില്‍ വേണം. അതിനുവേണ്ടി നിരന്തരം കഠിനാധ്വാനം ചെയ്യണം. എങ്കില്‍ അവസരങ്ങള്‍ തീര്‍ച്ചയായും വന്നെത്തുമെന്നും അദ്ദേഹം പറയുന്നു.
വയനാട്ടില്‍ നടന്ന കെ.സി.എയുടെ ക്യാമ്പോടെയാണ് രഞ്ജിയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പ് തുടങ്ങിയത്. ക്യാമ്പ് കോവിഡിനെ തുടര്‍ന്ന് ഇടയ്ക്ക് നിര്‍ത്തിവെയ്ക്കുകയും പിന്നീട് ആലപ്പുഴയിലേക്ക് മാറ്റുകയും ചെയ്തു. മൂന്നാഴ്ചയോളം അവിടെയുണ്ടായിരുന്നു. അവിടെവെച്ചുള്ള പരിശീലനം വലിയ ഗുണം ചെയ്‌തെന്നും രോഹന്‍ പറയുന്നു.
വ്യക്തിപരമായി രോഹന്‍ മാനസികമായ ചില തയ്യാറെടുപ്പുകള്‍ക്കായിരുന്നു പ്രാമുഖ്യം നല്‍കിയത്. കുറച്ചുകാലമായി ഏകദിനങ്ങളും ടി ട്വന്റിയും മാത്രമായിരുന്നു കളിച്ചിരുന്നത്. ആ വ്യത്യാസം മനസിനെ പറഞ്ഞ് മനസിലാക്കിക്കുന്നതിലായിരുന്നു ഫോക്കസ്. മാനസികമായി ടെസ്റ്റിന്റെ ഫോര്‍മാറ്റിലേക്ക് അഡോപ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ സ്വയം നടത്തി. പ്രാക്ടീസിനിടയിലും അത് മനസില്‍ സൂക്ഷിച്ചെന്ന് രോഹന്‍ പറയുന്നു.
തന്നെ ക്രിക്കറ്റ് താരമാക്കി മാറ്റിയതില്‍ തന്നേക്കാളേറെ അച്ഛന്റെ പരിശ്രമമുണ്ടെന്നാണ് രോഹന്‍ പറയുന്നത്. ‘ചെറുപ്പം മുതല്‍ ഇപ്പോള്‍ വരെ അച്ഛന്‍ തന്നെയാണ് ബോള്‍ ഇട്ടുതരുന്നത്. എന്നെക്കാളും അച്ഛന്റെ ഏഫേര്‍ട്ടാണ് കൂടുതല്‍. പ്രാക്ടീസ് 70 ശതമാനവും വീട്ടില്‍ തന്നെയാണ്. ഈ പ്രായത്തിലും അച്ഛന്‍ എടുക്കുന്ന എഫേര്‍ട്ട് കൊണ്ടാണ് എനിക്കിപ്പോഴും കളിക്കാന്‍ പറ്റുന്നത്. വീട്ടിലായാലും രാവിലെയും രാത്രിയുമൊക്കെ ഞങ്ങള്‍ പ്രാക്ടീസ് തന്നെയായിരിക്കും.’ രോഹന്‍ മനസു തുറക്കുന്നു.