വയനാടിനെ വലച്ച് വന്യജീവി ശല്യം; രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകും വഴി കടുവക്ക് മുന്നില്‍പെട്ട യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി
പുൽപ്പള്ളി: വയനാട്ടില്‍ വന്യജീവി ശല്യം തുടര്‍ക്കഥയാവുന്നു. രാത്രി വീട്ടിലേക്കു ബൈക്കിൽ പോവുകയായിരുന്ന യുവാവ് കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച രാത്രി പുൽപ്പള്ളി 56 ല്‍ വച്ച് അനീഷാണ് കണ്‍മുന്നില്‍ കണ്ട കടുവയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
കടുവയെ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ ബത്തേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളമായി വയനാടിന്റെ പല മേഖലകളിലും വന്യജീവി ശല്യം അങ്ങേയറ്റം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞദിവസം കടുവ കന്നുകാലിയെ കൊന്ന സ്ഥലത്തിനോടു ചേർന്നാണ് അനീഷ് കടുവയെ കണ്ടത്. അതേസമയം ആശ്രമക്കൊല്ലി ഐക്കരകുടിയില്‍ എല്‍ദോസിന്റെ പശുക്കിടാവിനെയും കടുവ പിടികൂടി.
വയനാട്ടില്‍ മനുഷ്യരും വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളുമടക്കം വന്യജീവികളാല്‍ അതിദാരുണമായി ആക്രമിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള മരണം കൂടിവരുന്ന സാഹചര്യം കണക്കിലെടുത്ത് ശനിയാഴ്ച വയനാട്ടില്‍ ഇരുമുന്നണികളുടെ നേതൃത്വത്തിലും ഹര്‍ത്താല്‍ നടന്നു