ഒരുമിച്ച് ചുവടുവച്ച് നാല്‍പത് മങ്കമാര്‍; കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര വനിതാ കമ്മിറ്റി അവതരിപ്പിച്ച ഗുജറാത്തി ഡാന്‍സിന് നിറഞ്ഞ കൈയ്യടി


Advertisement

കൊയിലാണ്ടി: അടിപൊളി സിനിമാപാട്ടിനൊപ്പം ഒരുകൂട്ടം ആളുകള്‍ ഒരേ ചുവട് വച്ച് ആടിപാടിയാല്‍ എങ്ങനെയിരിക്കും…? കാണുന്നവര്‍ക്ക് തന്നെ ഹരമായിരിക്കും അല്ലേ….? അത്തരത്തിലായിരുന്നു കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ വനിതാകമ്മിറ്റി അവതരിപ്പിച്ച ഗുജറാത്തി ഡാന്‍സ്‌.

Advertisement

എല്ലാ കൊല്ലവും ഉത്സവത്തോടനുബന്ധിച്ച് തിരുവാതിരയായിരുന്നു കമ്മിറ്റി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇക്കൊല്ലം ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ചിന്തയില്‍ നിന്നാണ് ഗുജറാത്തി ഡാന്‍സിലേക്ക് എത്തിച്ചേര്‍ന്നത്. ഉത്സവത്തിന്റെ തീയതി കുറിച്ചപ്പോള്‍ തന്നെ വനിതാകമ്മിറ്റി പ്രസിഡന്റ് വിനീത രാധാകൃഷ്ണന്‍ കര്‍ത്തയും സംഘവും ഉഷാറായി.

Advertisement

കുറഞ്ഞ ദിവസം കൊണ്ട് കുറുവങ്ങാട് തന്നെയുള്ള നാല്‍പത് പേരെ കണ്ടെത്തി. പിന്നീട് കഠിനമായ പ്രാക്ടീസായിരുന്നു. ഏതാണ്ട് രണ്ട് മാസം കൊണ്ടാണ് 4 പാട്ടുകള്‍ക്ക് ചുവടുകള്‍ വെച്ച് നാല്‍പത് മങ്കമാര്‍ ആടിപ്പാടിയത്. കുറുവങ്ങാട് സ്വദേശിയായ അര്‍ച്ചന ദിപിന്‍ ആണ് ഡാന്‍സിന് പിന്നില്‍. അര്‍ച്ചനയുടെ ചിട്ടയായ ക്ലാസിനൊപ്പം നാല്‍പത് പേര്‍ ഒത്തൊരുമിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നാട് ഉത്സവലഹരിയിലായി.

Advertisement

തുടക്കം മുതല്‍ ഒടുക്കം വരെ നാട്ടുകാരുടെ നിറഞ്ഞ കൈയ്യടിയിലാണ് ഇവര്‍ ആടിപ്പാടിയത്. മുമ്പ് 320പേരെ പങ്കെടുപ്പിച്ച് മെഗാതിരുവാതിര നടത്തി നാടിനെയാകെ ഞെട്ടിച്ച വനിതാടീമിന് ഗുജറാത്തി ഡാന്‍സ് പക്ഷേ അത്ര സിംപിളായിരുന്നില്ല.

എന്നാല്‍ ”പരിപാടി ഗംഭീരമാക്കണമെന്ന വാശിയില്‍ ഒരുദിവസം ഒഴിയാതെയുള്ള പ്രാക്ടീസാണ് ഈ പരിപാടി ഇത്രത്തോളം മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്നാണ് വിനീത രാധാകൃഷ്ണന്‍ കര്‍ത്ത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. നാട്ടുകാരുടെ പ്രോത്സഹാനം കാണുമ്പോള്‍ അടുത്ത കൊല്ലത്തെ ഉത്സവത്തിന് ഇതിലും വ്യത്യസ്തമായ പരിപാടി അവതരിപ്പിക്കാനാണ് വനിതാ കമ്മിറ്റിയുടെ ആഗ്രഹമെന്നും” അവര്‍ പറഞ്ഞു.