പേരാമ്പ്രയിലെ വീട്ടില്‍ കിണര്‍ വെളളത്തിന് നീലനിറം; ആരോഗ്യവകുപ്പ് സ്ഥലത്തെത്തി പരിശോധനനടത്തി


പേരാമ്പ്ര: പേരാമ്പ്രയിലെ വീട്ടില്‍ കിണറ്റിലെ വെളളത്തിന് നീലനിറം. പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം കുറുക്കന്‍ കുന്നുമ്മല്‍ അഷ്‌റഫിന്റെ വീട്ടിലെ കിണറിലെ വെള്ളത്തിലാണ് നിറവ്യത്യാസം ഉണ്ടായത്.

വ്യാഴാഴ്ച വൈകീട്ട് അറ് മണിയോടെയാണ് വെളളത്തിന്റെ നിറം മാറിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. നീല നിറത്തിലാണ് വെളളം കാണപ്പെട്ടത്. നിലവില്‍ വെളളത്തിന് ദുര്‍ഗന്ധം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ ഉച്ചയോടെ വെളളത്തിന്റെ നിറം ചെറിയതോതില്‍ കുറഞ്ഞതായി വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മറ്റൊരുവീട്ടുകാര്‍ കൂടി ഈ കിണറില്‍ നിന്നും മോട്ടോര്‍ വച്ച് ടാങ്കിലേക്ക് പമ്പ് ചെയ്യത് വെള്ളം ഉപയോഗിക്കുന്നുണ്ട്. ടാങ്കിലെ വെള്ളത്തിനും നിറവ്യത്യാസം ഉണ്ട്. തുടര്‍ന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും ആരോഗ്യ ആരോഗ്യവകുപ്പ് സ്ഥലത്തെത്തി കിണര്‍ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട. മൂന്ന് ദിവസത്തിനകം ഫലം പുറത്തുവരുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.