ക്യാന്‍സര്‍, വൃക്ക രോഗ നിര്‍ണ്ണയം, ആരോഗ്യബോധവത്കരണ ക്ലാസുകള്‍; നഗരസഭയുടെ മെഗാ മെഡിക്കല്‍ ക്യാമ്പും എക്‌സ്ബിഷനും കൊയിലാണ്ടിയില്‍
കൊയിലാണ്ടി: നഗരസഭയുടെ മെഗാ മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും കൊയിലാണ്ടിയില്‍ തുടക്കമായി. ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂര്‍ണ്ണ ആരോഗ്യം പ്രദാനം ചെയ്യുക, രോഗവിവരങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കൊയിലാണ്ടി നഗരസഭ നടപ്പാക്കുന്ന ‘ സുകൃതം – ജീവിതം’ പദ്ധതിയുമായി കൂടിച്ചേര്‍ന്നാണ് ജീവതാളം നഗരസഭയില്‍ പ്രാവര്‍ത്തികമാക്കുന്നത്. ഇതിന്റെ ഭാഗമായി ഫിബ്രു 8 , 9 , 10 തിയ്യതികളിലായി ഇ എം എസ് ടൗണ്‍ ഹാളിലാണ് മെഗാ മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും നടക്കുന്നത്.
മെഗാമെഡിക്കല്‍ ക്യാമ്പ്, എക്‌സിബിഷന്‍, ജീവിതശൈലി രോഗനിര്‍ണ്ണയം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, സെമിനാര്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും മലബാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി വി നാരായണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ അധ്യക്ഷയായി.
ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എ.ഇന്ദിര, കെ ഷിജു, സി.പ്രജില, ഇ.കെ.അജിത്, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ രത്‌നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, വൈശാഖ്.കെ.കെ, എ.അസീസ്, എ.ലളിത, നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി,
താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. വി.വിനോദ്. തിരുവങ്ങൂര്‍ സി.എച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീബ.കെ.ജെ, അരിക്കുളം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.സ്വപ്ന, ജീവതാളം നോഡല്‍ ഓഫീസര്‍ ഡോ. റഷീദ്.കെ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സബിത, ക്ലീന്‍സിറ്റി മാനേജര്‍ ടി.കെ സതീഷ്‌കുമാര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ ഇന്ദുലേഖ, വിപിന എന്നിവര്‍ സംസാരിച്ചു.
കാന്‍സര്‍ – വൃക്ക രോഗ-ജീവിതശൈലി നിര്‍ണ്ണയം, ആരോഗ്യ വിജ്ഞാനപ്രദര്‍ശനം, വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ലഹരി വിമുക്ത ക്യാമ്പയിന്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി നിരവധി പരിപാടികള്‍ ക്യാമ്പില്‍ നടക്കും.
ഇതോടനുബന്ധിച്ച് മലബാര്‍ മെഡിക്കല്‍ കോളേജ്, തണല്‍ വടകര, നെസ്റ്റ്, കൊയിലാണ്ടി ഐ.സി.ഡി.എസ്, താലൂക്ക് ആശുപത്രി സ്വന്ത്വനം പാലിയേറ്റീവ്, എം.വി.ആര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവരുടെ പവലിയന്‍ ഒരുക്കിയിട്ടുണ്ട്.
കാന്‍സര്‍ രോഗനിര്‍ണ്ണയത്തിനായുള്ള ഉയര്‍ന്ന സാമ്പത്തിക ചെലവ് വരുന്ന പാപ്‌സ്മിയര്‍, മാമോഗ്രാം തുടങ്ങിയ പരിശോധനകള്‍ മലബാര്‍ ഹോസ്പിറ്റല്‍, എരഞ്ഞിപ്പാലം – എം.വി.ആര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരുടെ സഹകരണത്തോടെ നടക്കും. കാരുണ്യ, മൈക്രോ ഹെല്‍ത്ത്, ആയുഷ് എന്നിവരുടെ സഹകരണത്തോടെ ലാബ് പരിശോധനകളും നേതൃപരിശോധനയും നടക്കും. ഫിബ്രവരി 10 ന് വൈകീട്ടോടെ ക്യാമ്പ് അവസാനിക്കും.