തുടര്‍ച്ചയായ നാലാം തവണയും ബ്ലൂ ഫ്‌ളാഗ് പട്ടികയില്‍ ഇടം; 33 കടമ്പകളും കടന്ന് അഭിമാനനേട്ടം കൈവരിച്ച് കാപ്പാട് ബീച്ച്
കൊയിലാണ്ടി: വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തി തുടര്‍ച്ചയായി നാലാം വര്‍ഷവും കാപ്പാട് ബീച്ചിന് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്. 33 ബ്ലൂ ഫ്‌ളാഗ് മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ചിന്റെ അഭിമാനനേട്ടം. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ എഡ്യുക്കേഷനാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്.
പരിസ്ഥിതി സൗഹൃദ നിര്‍മ്മിതികള്‍, കുളിക്കുന്ന കടല്‍വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള പരിശോധന, സുരക്ഷാ മാനദണ്ഡങ്ങള്‍, ശാസ്ത്രീയമായ മാലിന്യസംസ്‌കരണം, പരിസ്ഥിതി അവബോധം തുടങ്ങി 33 മാനദണ്ഡങ്ങളാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനായി പരിശോധിക്കുക.
മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം എന്നിവയാണ് മാനദണ്ഡങ്ങളില്‍ പ്രധാനം. കാപ്പാട് തീരം എപ്പോഴും വൃത്തിയുള്ളതാക്കി മാറ്റാന്‍ നിരവധി സ്ത്രീകളാണ് ശുചീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തീരത്തെ ചപ്പുചവറുകളെല്ലാം ദിവസവും ഇവര്‍ നീക്കം ചെയ്യുകയും പ്രദേശം വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള ടോയ്ലെറ്റുകള്‍, നടപ്പാതകള്‍, ജോഗിങ് പാത്ത്, സോളാര്‍ വിളക്കുകള്‍, ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും 200 മീറ്റര്‍ നീളത്തില്‍ കടലില്‍ കുളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.
ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ സഞ്ചാരികള്‍ കൂടുതലായി കാപ്പാട് തീരത്ത് എത്തുന്നുണ്ട്. സെപ്റ്റംബര്‍ മുതല്‍ മെയ് വരെയുള്ള കാലയളവാണ് സര്‍ട്ടിഫിക്കേഷന്‍ കാലാവധി. അടുത്തിടെയായി ദേശീയതലത്തിലും ബീച്ച് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.