കൊയിലാണ്ടി ഐ.ടി.ഐയില്‍ പുതിയ ട്രേഡുകള്‍ അനുവദിക്കണമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ നിയമസഭയില്‍; മറുപടിയുമായി തൊഴില്‍വകുപ്പ് മന്ത്രി-വീഡിയോ
കൊയിലാണ്ടി: കൊയിലാണ്ടി ഐ.ടി.ഐയില്‍ പുതിയ ട്രേഡുകള്‍ അനുവദിക്കണമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ഐ.ടി.ഐയെ ഒന്നാം ഗ്രേഡിലേക്ക് ഉയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തെ ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്ന പദ്ധതിയിലേക്ക് തൊഴില്‍വകുപ്പിന് കീഴിലെ കൊയിലാണ്ടി ഗവ. ഐ.ടി.യൈ തെരഞ്ഞെടുക്കുകയും അതിന്റെ ഭാഗമായി കിഫ്ബി വഴി നാലുകോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ആ തുക ഉപയോഗിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ കൊയിലാണ്ടി ഐ.ടി.ഐയില്‍ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ക്യാമ്പസ് നവീകരണ പ്രവൃത്തിയുമാണ് നടന്നുവരുന്നതെന്നും എം.എല്‍.എ നിയമസഭയെ അറിയിച്ചു.
തൊഴില്‍വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എം.എല്‍.എയുടെ സബ്മിഷന് മറുപടി നല്കി. ഐ.ടി.ഐയില്‍ നിലവിലുള്ള പത്ത് ട്രേഡുകള്‍ക്ക് പുറമേ ഇലക്ട്രീഷ്യന്, വെല്‍ഡര്‍ എന്നിങ്ങനെ രണ്ട് ട്രേഡുകള്‍ കൂടി ശുപാര്‍ശ ലഭിച്ചിട്ടുണ്ടെന്നും അത് സാമ്പത്തിക അനുമതിക്കായി ധനകാര്യ വകുപ്പിനു സമര്‍പ്പിച്ചിട്ടുള്ളതാണെന്നും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ പുതിയ ട്രേഡുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.