നാട്ടുകാര്‍ ഇരുട്ടിലാകുമ്പോള്‍ സഹായം തേടിയാല്‍ ഓടിയെത്തും, പ്രകൃതി ദുരന്തമടക്കമുള്ള സമയങ്ങളില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് ആശ്വാസമാകുന്നയാള്‍; കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനായിരുന്ന ദാമു ഏട്ടന്റെ വേര്‍പാടിന്റെ വേദനയില്‍ കൊല്ലം


[top]

കൊയിലാണ്ടി: ശക്തമായ മഴയോ, കാറ്റോ അടിച്ചാല്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് ജോലിത്തിരക്ക് കൂടും. പലയിടത്തും കറണ്ട് പോകും, ചിലയിടങ്ങളില്‍ ലൈന്‍ പൊട്ടി അപകടസ്ഥിതിയിലായിരിക്കും, പക്ഷേ കൊയിലാണ്ടിയില്‍ കൊല്ലം മേഖലയുടെ കാര്യത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കൊര് ആശ്വാസമുണ്ട്. അതായിരുന്നു ദാമു ഏട്ടന്‍. നേരത്തെ ഏറെക്കാലം കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനായിരുന്നു ദാമു കൃത്യസമയത്തുതന്നെ അപകട സാധ്യതയുള്ള ഇടങ്ങളില്‍ കണക്ഷന്‍ ഒഴിവാക്കിയിട്ടുണ്ടാവും.

അത്യാവശ്യമായ ഘട്ടങ്ങളിലെല്ലാം തന്നെ കെ.എസ്.ഇ.ബി സ്ഥിര ജീവനക്കാരെപ്പോലെ തന്നെ കര്‍മ്മനിരതനായിരുന്നു ചേനോത്ത് ദാമോദരന്‍ നായര്‍. കരാര്‍ ജോലിക്കാരനായിരുന്ന സമയത്തും നാട്ടുകാര്‍ക്ക് എപ്പോള്‍ ആവശ്യം വന്നാലും വിളിപ്പുറത്ത് ദാമു ഏട്ടന്‍ ഉണ്ടാവുമായിരുന്നു.

രണ്ടുദിവസം മുമ്പ് കൊല്ലത്തുവെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ദാമോദരന് അപകടം സംഭവിച്ചത്. ഓട്ടോ ഇടിച്ച് ഗുരുതരാവസ്ഥയിലായ അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ: സുജാത. മക്കള്‍: ധന്യ നിത്യ. മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍ ചേലിയ, ജോഷിത്ത് പയ്യോളി

സംസ്‌കാരം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.