44 വാര്‍ഡുകളില്‍ നിന്നായി 20000-ത്തിലേറെ വീടുകളില്‍ ശുചിത്വ പരിശോധന; കൊയിലാണ്ടി നഗരസഭയിലെ ശുചിത്വഭവനങ്ങളെ തിരഞ്ഞെടുത്തു, ഒന്നാം സ്ഥാനം 28-ാം വാര്‍ഡില്‍


 

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ശുചിത്വ ഭവനങ്ങളെ തിരഞ്ഞെടുത്തു. നാല്‍പ്പത്തിനാല് വാര്‍ഡുകളില്‍ നിന്നായി ഇരുപതിനായിരത്തോളം വീടുകളിലാണ് ശുചിത്വ പരിശോധന നടത്തിയത്. കൊയിലാണ്ടി നഗരസഭയില്‍ മികച്ച ശുചിത്വ ഭവനത്തിനുളള ഒന്നാം സമ്മാനം കരസ്ഥമാക്കിയ്ത് വാര്‍ഡ് 28 ലെ പ്രമീള അര്‍ച്ചനയാണ്.

വാര്‍ഡ് 29 ലെ സാറ അബ്ദുള്‍ ലത്തീഫ് തക്‌വ കുറവങ്ങാട് രണ്ടാം സമ്മാനവും, വാര്‍ഡ് 22 ലെ പുഷ്പ അരിയില്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി. നഗരസഭയിലെ അയല്‍ക്കൂട്ടതലത്തില്‍ നിന്ന് തെരഞ്ഞെടുത്ത 718 അയല്‍ക്കൂട്ട ശുചിത്വ ഭവനങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ശുചിത്വഭവനം വാര്‍ഡ് തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് വാര്‍ഡ് 6 ലെ ആളാണ്ടിയില്‍ ബാലകൃഷ്ണന്‍ ആണ്.

നഗരസഭ തലത്തില്‍ തെരഞ്ഞെടുത്ത ആദ്യ 10 വീടുകള്‍ക്ക് സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രൊഹല്‍സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. ഏറ്റവും നല്ല ശുചിത്വ ഭവനത്തിന് കൊയിലാണ്ടിയിലെ ത്രിമൂര്‍ത്തി ഗോള്‍ഡ് & ഡയമണ്ട്‌സുമായി ചേര്‍ന്ന് സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കിയത്.

കുടുംബശ്രീയുടെ സഹകരണത്തോടു കൂടി ശുചിത്വ ഭവനം പദ്ധതിയാണ് നഗരസഭ നടപ്പിലാക്കിയത്. നഗരസഭയിലെ മുഴുവന്‍ വീടുകളിലും അയല്‍ക്കൂട്ടതലത്തില്‍ ശുചിത്വ പരിശോധന നടത്തി അയല്‍ക്കൂട്ടതല ശുചിത്വ ഭവനത്തെ തിരഞ്ഞെടുക്കുകയും, തുടര്‍ന്ന് വാര്‍ഡ് തല പരിശോധന നടത്തി വാര്‍ഡ് തല ശുചിത്വ ഭവനത്തെ തിരഞ്ഞെടുക്കുകയും, തുടര്‍ന്ന് നഗരസഭ തല പരിശോധന നടത്തി നഗരസഭ തല ശുചിത്വ ഭവനത്തെ തെരഞ്ഞെടുക്കുകയുമാണ് ചെയ്തത്.

ഇരുപതിനായിരത്തില്‍ പരം വീടുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകരും ശുചിത്വ വളണ്ടിയര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും സംയുക്തമായി ശുചിത്വ പരിശോധന നടത്തിയാണ് ശുചിത്വഭവനത്തെ തെരഞ്ഞെടുത്തത്. നഗരസഭയിലെ ശുചിത്വ വിദ്യാലയമായി മരുതൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ഒന്നാം സ്ഥാനവും, കൊളക്കാട് മിക്‌സഡ് എല്‍.പി സ്‌കൂള്‍ രണ്ടാം സ്ഥാനവും, ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊയിലാണ്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇ.എം.എസ് ടൗണ്‍ഹാളില്‍ വച്ചായിരുന്നു ശുചിത്വ ഭവനങ്ങളെ പ്രഖ്യാപിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേ പാട്ട് ശുചിത്വഭവനങ്ങളുടെ പ്രഖ്യാപനം നടത്തി.

നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ.സത്യന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നവകേരളീ കര്‍മ്മപദ്ധതി ജില്ലാ കോഡിനേറ്റര്‍ പി.ടി പ്രസാദ് മുഖ്യ അതിഥിയായി സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എ ഇന്ദിര ടീച്ചര്‍, കെ ഷിജു മാസ്റ്റര്‍, ഇ.കെ അജിത്ത് മാസ്റ്റര്‍, നിജില പറവക്കൊടി, പ്രജില. സി കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിം കുട്ടി, വല്‍സരാജ്, കെ.കെ വൈശാഖ് , പ്രകാശ് (ജെ.ഡി ഓഫീസ്), ജാനറ്റ് (കെ.എസ്.എം.പി), വിപിന (സിഡിഎസ് പ്രസിഡണ്ട് ), ഇന്ദുലേഖ (സിഡിഎസ് പ്രസിഡന്റ്) എന്നിവര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി (കെ.എ.എസ് )സ്വാഗതവും നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ടി കെ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.