‘എല്ലാ വിദ്യാര്‍ത്ഥികളെയും കുട്ടിശാസ്ത്രജ്ഞന്മാരാക്കുകയെന്ന് ലക്ഷ്യം’; സയന്‍സ്‌ഫെസ്റ്റും മൈക്രോ ഗ്രീന്‍കള്‍ട്ടിവേഷനും സംഘടിപ്പിച്ച് നിടുംപൊയില്‍ ബി കെ എന്‍ എം യു പി സ്‌കൂള്‍


മേപ്പയ്യൂര്‍: എല്ലാ വിദ്യാര്‍ത്ഥികളെയും കുട്ടിശാസ്ത്രജ്ഞന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ബി.കെ.എന്‍.എം.യു പി. സ്‌കൂളില്‍ സയന്‍സ് ഫെസ്റ്റും മൈക്രോ ഗ്രീന്‍കള്‍ട്ടിവേഷനും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനാണ് ആധുനിക കാലഘട്ടങ്ങളിലെ വിദ്യാഭ്യാസസമ്പ്രദായങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്ന് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ പറഞ്ഞു.

നിടുംപൊയില്‍ ബി.കെ.എന്‍.എം യു.പി. സ്‌കൂളിന്റെ തനത് പരിപാടി ശാസ്ത്രയാനം 2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിദ്യാര്‍ത്ഥികളെയും കുട്ടിശാസ്ത്രജ്ഞന്മാരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ശാസ്ത്ര പരീക്ഷണങ്ങള്‍ രക്ഷിതാക്കളിലും കുട്ടികളിലും ഏറെ വ്യത്യസ്ഥമായ ഒരനുഭവമായി മാറി.

കൂടാതെ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ പോഷക സമൃദ്ധമായ ആഹാരം നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മൈക്രോ ഗ്രീന്‍ കള്‍ട്ടിവേഷന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സി.പി.അനീഷ് കുമാര്‍ നിര്‍വ്വഹിച്ചു.

ഹെഡ്മാസ്റ്റര്‍ പി.ജി. രാജീവ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ പി.ടി.എ പ്രസിഡണ്ട് ശശീന്ദ്രന്‍ പുളിയത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്.എസ്.ജി കണ്‍വീനര്‍ സി.എം. ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, അധ്യാപകരായ ജി.കെ കമല, കെ.എം. അസീസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. തനത് കോഡിനേറ്റര്‍ കെ.ഗീത പദ്ധതി വിശദീകരണം നടത്തി. പി.കെ ജഫീന നന്ദി പറഞ്ഞു.