തിറ കെട്ടിയാടിയ ആറുപതിറ്റാണ്ട് കാലം; 84-ാം വയസില്‍ ചേലിയ കരിയാട്ട് കുഞ്ഞിബാലന് കേരള ഫോക്ലോർ അക്കാദമി അവാര്‍ഡ്
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ 2022ലെ ഫോക്ലോർ അവാര്‍ഡിന് അര്‍ഹനായി ചേലിയയിലെ തിറ കലാകാരന് കരിയാട്ട് കുഞ്ഞിബാലന്. ആറുപതിറ്റാണ്ടുകാലമായി തിറ കെട്ടിയാടിയ കുഞ്ഞിബാലന് തന്റെ പതിനാറാം വയസിലാണ് ആദ്യമായി മുഖത്ത് ചായമിട്ടത്. ചേലിയ ആലങ്ങോട് ക്ഷേത്രത്തില്‍ ഭഗവതിത്തിറ കെട്ടിയാടി തുടങ്ങിയ കുഞ്ഞിബാലന് പിന്നീട് വടക്കേ മലബാറിലെ തിറ കെട്ടിയാടുന്ന തിറ കലാകാരന്മാരുടെ ഗുരുവായി തീര്‍ന്നു.
കണയങ്കോട് കിടാരത്തില്‍ ക്ഷേത്രത്തില്‍ ആദ്യമായി തീക്കുട്ടിച്ചാത്തന്‍ തിറ കെട്ടിയാടാന്‍ ഭാഗ്യം ലഭിച്ചതും കുഞ്ഞിബാലനായിരുന്നു. മുപ്പത്തിരണ്ടാമത്തെ വയസിലായിരുന്നു അത്. അച്ഛന് ശങ്കുണ്ണിമാഷാണ് തിറയാട്ടത്തിലെ ഗുരു.
കോഴിക്കോടിന് പുറമെ കണ്ണൂര്‍ ജില്ലയിലെ പ്രധാന കാവുകളിലും അമ്പലങ്ങളിലും കുഞ്ഞിബാലന് തിറ കെട്ടിയാടിയിട്ടുണ്ട്. പരദേവത, ഭഗവതി, നാഗത്തിറ, വേട്ടക്കൊരുമകന്‍ എന്നിവയാണ് പ്രധാനമായി കെട്ടിയാടിയിരുന്നത്. പതിനാറാം വയസില്‍ തുടങ്ങിയ തിറയാട്ടം തന്റെ എഴുപത്തിയഞ്ചാം വയസിലാണ് കുഞ്ഞിബാലന് നിര്‍ത്തിയത്.
തിറയാട്ടത്തിന് പുറമെ തിറയ്ക്കാവശ്യമായ ചമയം, ആഭരണ നിര്‍മ്മാണം, മുഖത്തെഴുത്ത് എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. തിറയാടുന്നില്ലെങ്കിലും മുഖത്തെഴുത്തും തയ്യലുമായി തിരക്കിലാണ് ചേലിയയിലെ കുഞ്ഞിബാലന് ഇപ്പോള്‍.