നഗരസഭയിലെ ശുചിത്വമുളള വീടുകളെ കണ്ടെത്തല്‍; കൊയിലാണ്ടി നഗരസഭതല ശുചിത്വ ഭവന പ്രഖ്യാപനം ജനുവരി 26 ന്
കൊയിലാണ്ടി: ശുചിത്വഭവന പ്രഖ്യാപനത്തിനൊരുങ്ങി കൊയിലാണ്ടി നരഗസഭ. ജനുവരി 26 ന് ഇ.എം.എസ് ടൗണ്‍ഹാളില്‍ വച്ച് എം.എല്‍.എ കാനത്തില്‍ ജമീല ശുചിത്വ വീടുകളുടെ പ്രഖ്യാപനം നടത്തും. കുടുംബശ്രീയുടെ സഹകരണത്തോടു കൂടി ശുചിത്വ ഭവനം പദ്ധതിയാണ് നഗരസഭ നടപ്പിലാക്കുന്നത്.
ചടങ്ങില്‍ നഗരസഭ ചെയര്‍ പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയാകും. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോഡിനേറ്റര്‍ പി.ടി പ്രസാദ് മുഖ്യാതിഥി ആയിരിക്കും. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഇതിനോടകം തന്നെ ഇരുപതിനായിരത്തില്‍ പരം വീടുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകരും ശുചിത്വ വളണ്ടിയര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വ പരിശോധന നടത്തിയിട്ടുണ്ട്. വാര്‍ഡ് തല പരിശോധന നടത്തി വാര്‍ഡ് തല ശുചിത്വ ഭവനത്തെ തിരഞ്ഞെടുക്കുകയും, തുടര്‍ന്ന് നഗരസഭ തല പരിശോധന നടത്തി നഗരസഭ തല ശുചിത്വ ഭവനത്തെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്.
നഗരസഭ തലത്തില്‍ തെരഞ്ഞെടുക്കുന്ന ആദ്യ 10 വീടുകള്‍ക്ക് സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രൊഹല്‍സാഹന സമ്മാനങ്ങളും വിതരണം ചെയ്യും. നഗരസഭയിലെ അയല്‍ക്കൂട്ടതലത്തില്‍ നിന്ന് തെരഞ്ഞെടുത്ത 718 അയല്‍ക്കൂട്ടതല ശുചിത്വ ഭവനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. നഗരസഭയിലെ 44 വാര്‍ഡുകളിലും നടത്തിയ പരിശോധനയില്‍ തെരഞ്ഞെടുത്ത നഗരസഭ തല ശുചിത്വ ഭവനത്തിന് കൊയിലാണ്ടിയിലെ ത്രിമൂര്‍ത്തി ഗോള്‍ഡ് & ഡയമണ്ട്‌സുമായി ചേര്‍ന്ന് സ്വര്‍ണ്ണനാണയമാണ് സമ്മാനമായി നല്‍കുക.
100 മാര്‍ക്കിനുള്ള 12 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയുമായാണ് ഓരോ വീടുകളിലും പരിശോധന സംഘം കയറിയത്. അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്നുണ്ടോ, ജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നുണ്ടോ, ദ്രവമാലിന്യം കൃത്യമായി സംസ്‌കരിക്കുന്നുണ്ടോ, വീടും പരിസരവും വൃത്തിയായി പരിപാലിച്ച് ചെടികള്‍ നട്ടുപിടിപ്പിച്ച് സൗന്ദര്യവല്‍ക്കരിച്ചിട്ടുണ്ടോ, കുടിവെള്ള സ്രോതസിന്റെ പരിപാലനം, അടുക്കളത്തോട്ടത്തിന്റെ പരിപാലനം, ടോയ്‌ലറ്റ് പരിപാലനം, കുളിമുറിയുടെ പരിപാലനം, ഫര്‍ണിച്ചറുകളുടെയും പാത്രങ്ങളുടെയും ക്രമീകരണം, വളര്‍ത്തു മൃഗങ്ങളുടെ പരിപാലനം തുടങ്ങിയവയുടെ പരിശോധനയാണ് ഓരോവീടുകളിലും നടത്തിയിട്ടുളളത്.
ശുചിത്വ ഭവന പ്രഖ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 31 നുള്ളില്‍ കൊയിലാണ്ടിയെ സമ്പൂര്‍ണ്ണ ശുചിത്വ നഗരമായി പ്രഖ്യാപിക്കുമെന്ന് ചെയര്‍ പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ടും വൈസ് ചെയര്‍മാര്‍ അഡ്വ. കെ.സത്യനും പറഞ്ഞു.