ചുട്ടുപൊള്ളി കോഴിക്കോട്; സൂര്യാതപമേൽക്കാതെ സൂക്ഷിക്കണേ; പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പുകൾ ഇങ്ങനെ


കോഴിക്കോട്: വേനൽച്ചൂടിൽ ചുട്ടുപൊള്ളി കോഴിക്കോട്. ജില്ലയിൽ ഇന്നും നാളെയും ഉയർന്ന താപനില രേഖപ്പെടുത്തി. സാധാരണയിൽ നിന്ന് 2-3°C വരെ ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. താപനിലകൂടുന്ന സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യതകൾ ഏറെയാണ്. വേനൽ കഠിനമാകും തോറും ശ്രദ്ധിക്കാൻ കാര്യങ്ങൾ ഏറെ. ജാഗ്രതയുണ്ടാവണേ

1. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം

2. പൊതുജനങ്ങള്‍ രാവിലെ പതിനൊന്നു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് എല്‍ക്കുന്നത് ഒഴിവാക്കുക.

3. നിര്‍ജലീകരണം തടയാന്‍ എപ്പോഴും കയ്യില്‍ കുടിവെള്ളം കരുതുക.

4. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം.

5. കാലാവസ്ഥ വകുപ്പിൻറെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും കൃത്യമായി അനുസരിക്കുകയും വേണം

6. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പ്രത്യേകൾ ശ്രദ്ധ പാലിക്കണം. പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. ഇത്തരം ആളുകൾക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

7. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

8. ലേബര്‍ കമ്മീഷ്ണര്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന
തൊഴില്‍ സമയം പുനഃക്രമീകരിച്ച്‌ ഉത്തരവിട്ടിട്ടുണ്ട്. അതിനനുസരിച്ച്‌ തൊഴില്‍ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.

9. ദയവായി ആരും കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുതേ.

10. ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ് . അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താനും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും വേണം.

11. പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ചൂടുകൂടുതലായുള്ള സമയത്ത് കുട ഉപയോഗിക്കണം.

12 . ഭക്ഷണത്തിൽ കൂടുതലായി പച്ചക്കറികളും പഴവർഗ്ഗങ്ങളും ചേർക്കുക.

13. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.

14. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കാൻ മറക്കരുതേ.

15. വാർത്തകൾ ഫോർവേഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.