താമരശ്ശേരി ചുരത്തിൽ തീപിടുത്തം; തീ അണയ്ക്കാൻ പാടുപെട്ട് അഗ്നിശമന സേന


താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വൻ തീപ്പിടുത്തം. ഇനിയും തീ അണയ്ക്കാനായിട്ടില്ല. ചുരം ആറാം വളവിന് മുകളിൽ വനപ്രദേശത്താണ് തീപ്പിടുത്തം ഉണ്ടായത്.

താമരശ്ശേരി ചുരം

ഉച്ചക്ക് രണ്ട് മണിയോടെയാണ് വനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് അഗ്നിശമന സേനയെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു. ഇവരുടെയും ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

വനത്തിനുള്ളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ സാധിക്കില്ല എന്നതിനാൽ തീ അണയ്ക്കാനായി ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനെ തുടർന്ന് തീ തല്ലിക്കെടുത്താനാണ് ശ്രമം. തീ കൂടുതൽ പ്രദേശത്തേക്ക് പടരാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്.