ഗോതമ്പ് സബ്സിഡി കേന്ദ്രം നിര്‍ത്തലാക്കിയതോടെ അമൃതം നിര്‍മ്മാണ യൂണിറ്റുകള്‍ പ്രതിസന്ധിയില്‍; പുളിയഞ്ചേരിയിലെയടക്കം നിരവധി യൂണിറ്റുകള്‍ ഒരുമാസത്തിലേറെയായി പൂട്ടിക്കിടക്കുന്നു
കൊയിലാണ്ടി: സംസ്ഥാനത്തെ അംഗനവാടികളിലൂടെ കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമായ അമൃതം ന്യൂട്രിമിക്സിന്റെ നിര്‍മ്മാണം പ്രതിസന്ധിയില്‍. കേന്ദ്രസര്‍ക്കാര്‍ ഗോതമ്പിനുള്ള സബ്സിഡി നിര്‍ത്തലാക്കിയതാണ് അമൃതം പൊടിയുടെ ഉല്പാദനം നിലച്ചത്. ഒന്നരമായി സംസ്ഥാനത്തെ ഒട്ടുമിക്ക ന്യൂട്രിമിക്സ് ഉല്പാദന യൂണിറ്റുകളും അടഞ്ഞുകിടക്കുകയാണ്.
സംസ്ഥാനത്താകെ 2500ഓളം കുടുംബശ്രീ വനിതകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ന്യൂട്രിമിക്സ് പൂട്ടിയതോടെ ഇവരുടെ ഉപജീവനം കൂടിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കൊയിലാണ്ടി പുളിയഞ്ചേരിയിലെ പാഞ്ചജന്യം കുടുംബശ്രീയിലെ വനിതകള്‍ നടത്തുന്ന ന്യൂട്രിമിക്സ് യൂണിറ്റ് കഴിഞ്ഞ ഒരുമാസത്തോളമായി അടഞ്ഞുകിടക്കുകയാണ്.
പത്തു സ്ത്രീകളാണ് ഇതിനെ ആശ്രയിച്ച് ജീവിക്കുന്നതും ഇവരുടെ വരുമാനം വഴിമുട്ടിയിരിക്കുകയാണെന്നും ന്യൂട്രിമിക്സ് യൂണിറ്റില്‍ ജോലി ചെയ്യുന്ന റീന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഗോതമ്പ് സബ്സിഡി കേന്ദ്രം നിര്‍ത്തലാക്കിയതിനുശേഷം ഒരുമാസത്തോളം അധികവിലയില്‍ ഗോതമ്പ് വാങ്ങി യൂണിറ്റ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയിരുന്നു. എന്നാല്‍ ഇങ്ങനെ വരുമ്പോള്‍ തങ്ങള്‍ക്ക് ലാഭം ഇല്ലെന്നുമാത്രമല്ല, നഷ്ടം വരികയാണെന്നുകണ്ടാണ് യൂണിറ്റ് അടച്ചിട്ടതെന്ന് റീന വ്യക്തമാക്കി.
2006-07ല്‍ എല്‍.ഡി.എഫ് സര്‍ക്കാറാണ് അംഗനവാടികളിലൂടെ ആറുമാസം മുതല്‍ മൂന്നുവയസുവരെയുള്ള കുട്ടികള്‍ക്ക് അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം നല്കുന്ന പദ്ധതി ആരംഭിച്ചത്. വനിതാ ശിശുവികസന വകുപ്പ് മുഖേനയായിരുന്നു പദ്ധതി. 45 ശതമാനം ഗോതമ്പും 15 ശതമാനം കടലപ്പരിപ്പും 10 ശതമാനം വീതം സോയയും നിലക്കടലും 20 ശതമാനം പഞ്ചസാരയും അടങ്ങുന്നതാണ് അമൃതംപൊടി.
ഇതിനുള്ള ഗോതമ്പ് ഫുഡ് കോര്പ്പറേഷന് വഴി രണ്ടുരൂപക്കാണ് നല്‍കിയിരുന്നത്. രണ്ടുമാസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള സബ്സിഡി നിര്‍ത്തലാക്കിയതോടെയാണ് ന്യൂട്രിമിക്സ് യൂണിറ്റുകളുടെ പ്രവര്‍ത്തനം താറുമാറായത്.
2017ലെ വിലയായ 73 രൂപ 50 പൈസയാണ് ഇപ്പോഴും ഈ ഉല്പന്നത്തിന്. ധാന്യങ്ങളും അമിതമായ വിലവര്‍ധനവും ഉല്‍പ്പനത്തിന് വില കിട്ടാതിരിക്കുകയും ചെയ്യുന്നത് യൂണിറ്റുകളുടെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കുന്നു. സംസ്ഥാനത്ത് 243 ന്യൂട്രിമിക്സ് യൂണിറ്റുകളാണുള്ളത്.