തൃശൂരില്‍ പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞ് അപകടം; മൂന്ന് മരണം
തൃശൂര്‍: പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കൊമ്പൊടിഞ്ഞാമാക്കല്‍ പുന്നേലിപ്പറമ്പില്‍ ജോര്‍ജ് (48) കുഴിക്കാട്ടുശ്ശേരി സ്വദേശി മൂത്തേടത്ത് ശ്യാം (51), പുത്തന്‍ചിറ മൂരിക്കാട് സ്വദേശി താക്കോല്‍ക്കാരന്‍ ടിറ്റോ (48) എന്നിവരാണ് മരിച്ചത്.
തൃശ്ശൂര്‍ മാള കുഴിക്കാട്ടുശ്ശേരിയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. റോഡിന് ഇരുവശവും പാറമടയുള്ള സ്ഥലത്തായിരുന്നു അപകടം നടന്നത്. വീതികുറഞ്ഞ റോഡിനോടുചേര്‍ന്ന 50 അടിയോളം ആഴമുള്ള പാറമടക്കുളത്തിന്റെ കൈവരി തകര്‍ത്താണ് കാര്‍ മറിഞ്ഞത്.
മരിച്ചവരില്‍ ഒരാളായ ടിറ്റോയെ വീട്ടില്‍ എത്തിക്കാന്‍ പോകുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയോടെയാണ് ചാലക്കുടിയില്‍നിന്ന് സ്‌കൂബ സംഘമെത്തി മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അഗ്‌നി രക്ഷാസേനയും പോലീസും എത്തിയെങ്കിലും കുളത്തിന് ആഴക്കൂടുതല്‍ ഉള്ളതിനാല്‍ തിരച്ചില്‍ നടത്താനായില്ല.