ബാലുശ്ശേരിയില്‍ വീടുകളില്‍ ഒരേ സമയം പൊട്ടിത്തെറി; മുപ്പതോളം വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു
ബാലുശ്ശേരി: ബാലുശ്ശേരിയിലെ നിരവധി വീടുകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചു. അതിരാവിലെയുളള അപ്രതീക്ഷിത പൊട്ടിത്തെറിയില്‍ വീട്ടുകാര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു.
ബാലുശ്ശേരിയിലെ പനങ്ങാട്, കിനാലൂര്‍, പൂവമ്പായ് എന്നീ പ്രദേശങ്ങളിലെ മുപ്പതോളം വീടുകളിലാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെയാണ് സംഭവം. അമിത വൈദ്യുതി പ്രവാഹത്തെ തുടര്‍ന്നായിരുന്നു പൊട്ടിത്തെറിയുണ്ടായത്.
ഉണ്ണികുളം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള പ്രദേശമാണിത്. വൈദ്യുതി അമിതമായി പ്രവഹിക്കുന്നതറിയാതെ വീണ്ടും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചവര്‍ക്ക് കൂടുതല്‍ നാശനഷ്ടമുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുന്‍പ് തന്നെ ഫാനും ബള്‍ബും ഇന്‍വെര്‍ട്ടറുകളും എല്ലാം കത്തി, പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശത്തെ വീട്ടുകാര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കെ.എസ്.ഇ.ബി. തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി ഉന്നത അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.