കേരള സര്‍ക്കാര്‍ സംരംഭക വര്‍ഷം 2.0 പദ്ധതി; കൊയിലാണ്ടിയില്‍ സംരംഭകര്‍ക്കായി ലോണ്‍,സബ്‌സിഡി, ലൈസന്‍സ് മേള സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷം 2.0 പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരസഭയില്‍ ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള സംഘടിപ്പിച്ചത്.

ഇ.എം.എസ് ടൗണ്‍ഹാളില്‍ വെച്ച് ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.കേരള സര്‍ക്കാരിന്റെ മിഷന്‍ 1000 പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പെരുവട്ടൂരിലെ സ്റ്റീല്‍ ടെക്ക് എന്ന സ്ഥാപനത്തിന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലെറ്റര്‍ കൈമാറി. കേരള ബാങ്ക് ,യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ പ്രതിനിധികള്‍ തങ്ങളുടെ ലോണ്‍ സ്‌കീമുകളെക്കുറിച്ച് വിശദമായ ക്ലാസുകള്‍ നല്‍കി.

60 പേര്‍ പങ്കെടുത്ത ചടങ്ങില്‍ FSSAI, UDYAM,KSWIFT, മുതലായ അനുമതി പത്രങ്ങളും PMEGP, PMFME, OFOE, KELS, MMG, നഗരസഭ വാര്‍ഷിക പദ്ധതി തുടങ്ങിയ വൈവിധ്യങ്ങളായ പദ്ധതികളിലൂടെയുള്ള ലോണ്‍ അനുമതി പത്രം / അപേക്ഷകളും കൈമാറി.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍ അധ്യക്ഷയായി. അസി.ജില്ലാ വ്യവസായ ഓഫീസര്‍ ഷിബിന്‍. കെ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നഗരസഭ സെക്രട്ടറി ഇന്ദു ശങ്കരി കെ.എ.എസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില. സി, കൗണ്‍സിലര്‍ വൈശാഖ്. കെ.കെ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

കൊയിലാണ്ടി നഗരസഭ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്മാരായ അശ്വിന്‍.പി.കെ, ഐശ്വര്യ.സി.പി, ഗോപിക സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ച ചടങ്ങില്‍ വ്യവസായ വികസന ഓഫീസര്‍ നിജീഷ്. ആര്‍ നന്ദി പറഞ്ഞു.