വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നത് പതിവ്; നാദാപുരം സ്വദേശികൾ പിടിയിൽ
നാദാപുരം: വിദ്യാര്‍ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. മാരക ലഹരിവസ്തുവായ എല്‍.എസ്.ഡി അടക്കം മൂവായിരത്തോളം പാക്കറ്റ് ലഹരി വസ്തുക്കളും ഹാന്‍സും പിടികൂടി. വെള്ളിയാഴ്ച ഒന്നരയോടെ വിദ്യാര്‍ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
പേരോട് തട്ടാറത്ത് അബൂബക്കര്‍ എന്ന നൗഷാദ് (34), വരിക്കോളി ഒമ്ബതു കണ്ടത്തില്‍ ചമ്മത്തില്‍ നൗഫല്‍ (42) എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റുചെയ്തത്. പേരോട്ടെ സ്കൂളിനു സമീപം വിദ്യാര്‍ഥികള്‍ക്ക് ഇന്നോവകാറില്‍ ലഹരിവസ്തുക്കള്‍ കൈമാറുകയായിരുന്നു നൗഷാദ്. അതിനിടയിലാണ് പിടിയിലായത്.
നാദാപുരം എസ്.ഐ ആര്.എല്‍. പ്രശാന്ത്, മമ്മുക്കുട്ടി, ഡിവൈ.എസ്.പിയുടെ കീഴിലുള്ള സ്പെഷല്‍ ടീം അംഗങ്ങളായ ലതീഷ്, സതീഷ്, സുനില, സനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
തുടർന്നു നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച ചാക്കുകണക്കിന് ലഹരി ഉല്പന്നങ്ങള് കണ്ടെടുക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിൽ നൗഫലിനെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കുകയായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ ഒമ്ബതുകണ്ടത്തിലെ നൗഫലിന്റെ വീട്ടിലും പരിശോധന നടത്തുകയും ചാക്കുകളില്‍ സൂക്ഷിച്ച ലഹരിവസ്തുക്കള്‍ പിടികൂടുകയുമായിരുന്നു.