പയ്യോളിയിൽ അമിത വേഗത്തിലെത്തിയ ബസ് ബൈക്കിലിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്


പയ്യോളി: പയ്യോളി ദേശീയ പാതയിൽ ബൈക്കിൽ ബസ്സിടിച്ച് അപകടം. പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്ത് ഇന്ന് രാവിലെയാണ് അപകടം. രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു. ബസ് അമിത വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. കൊയിലാണ്ടി കൊല്ലം സ്വദേശി മുഹമ്മദ് സജാദ് (19) കീഴൂരിലെ മുഹമ്മദ് ഫസൽ (19) എന്നിവർക്കാണ് പരിക്കേറ്റത്.

വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഉടനെ തന്നെ ഇരുവരേയും കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിത വേഗതയിലെത്തിയ ബസ്സ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ അപകടം സംഭവിക്കുകയായിരുന്നു. ഉടനെ തന്നെ ഡ്രൈവറടക്കം ബസ്സ് ജീവനക്കാർ ഇറങ്ങിയോടി രക്ഷപ്പെട്ടു. ഇതിനെ തുടർന്ന് ദേശീയപാതയിലെ ഗതാഗത കുരുക്കുണ്ടായി. പിന്നീട് ഗതാഗത തടസ്സമൊഴിവാക്കാൻ മറ്റൊരു ഡ്രൈവറിനെ കൊണ്ട് വന്നു ബസ് മാറ്റിയിടുകയായിരുന്നു.