ജില്ലാ കലോത്സവത്തില്‍ അപ്പീല്‍ നല്‍കി സംസ്ഥാന തലത്തിലേക്ക്; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബനമുട്ടില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി തിരുവങ്ങൂര്‍ എച്ച്.എസ്.എസ്.ടീം
കൊയിലാണ്ടി: ഇത്തവണത്തെ സംസ്ഥാന കലോത്സവത്തില്‍ കൊയിലാണ്ടിയെ പ്രതിനിധീതകരിച്ച് തിരുവങ്ങൂര്‍ എച്ച്.എസ്.എസില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് പോരാട്ടത്തിനായി ഇറങ്ങിയത്.
വാശിയേറിയ മത്സരത്തിനൊടുവില്‍ ഏറ്റവും കൂടുതല്‍ പോയിന്റും ഒന്നാം സ്ഥാനവും ഏ ഗ്രേഡും കരസ്ഥമാക്കിയിരിക്കുകയാണ് തിരുവങ്ങൂര്‍ എച്ച്.എസ്.എസ്.ടീം. മുഹമ്മദ് ഹാദിഫും സംഘവുമാണ് കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയത്. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും അപ്പീല്‍ വഴിയാണ് സംസ്ഥാന തലത്തിലേക്ക് മത്സരിക്കാന്‍ ടീം അര്‍ഹരായത്.
കഴിഞ്ഞ 27 വര്‍ഷമായി തിരുവങ്ങൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് വരുന്നു. അറബനമുട്ട് ഉള്‍പ്പെടെ 12 ഇനങ്ങളിലായി 61 വിദ്യാര്‍ത്ഥികളാണ് ഈ വിദ്യാലയത്തില്‍ നിന്നും ഈ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
അറിയപ്പെടുന്ന അറബനമുട്ട് പരിശീലകനും സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ നിസാര്‍ കാപ്പാടാണ് പരിശീലകന്‍.
കേരള സര്‍ക്കാറിന്റെ വജ്രജൂബിലി ഫെലോഷിപ്പ് നേടിയ നിസാര്‍ കാപ്പാടിന്റെ കീഴില്‍ നിരവധി തവണ സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സ്‌കൂളിന് സാധിച്ചിട്ടുണ്ട്.