സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിലെ തച്ചന്കുന്നിന്റെ ചരിത്രം പറയുന്ന യു.കെ കുമാരന്റെ ‘തക്ഷന്‍കുന്ന് സ്വരൂപം’ നാടകാവിഷ്കാരം ഇന്ന് സര്‍ഗാലയയില്‍
പയ്യോളി: അന്താരാഷ്ട്ര കരകൗശല മേള നടക്കുന്ന ഇരിങ്ങല്‍ സര്‍ഗാലയയില്‍ പ്രശസ്ത സാഹിത്യകാരന് യു.കെ.കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം നോവലിന്റെ നാടകാവിഷ്കാരം അരങ്ങേറുന്നു. ഇന്ന് വൈകുന്നേരം ഏഴുമണിക്കാണ് നാടകം.
കെ.വി.ശശികുമാര്‍ സംവിധാനം ചെയ്ത നാടകം തച്ചന്‍കുന്ന് നാടന്‍ നാടക സംഘമാണ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ തച്ചന്‍കുന്ന് ഗ്രാമവും പരിസര പ്രദേശങ്ങളും പശ്ചാത്തലമായി രചിക്കപ്പെട്ട നോവലിന് വയലാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.
1900 മുതല്‍ 1980 വരെയുള്ള കേരളീയ ജീവിതത്തിന്റെ നാള്‍വഴിയുമായി ചേര്‍ന്നു പോകുന്നതാണ് നോവലിന്റെ പ്രമേയം. സ്വാതന്ത്ര്യപൂര്‍വ്വ കേരളം, നവോത്ഥാനാശയങ്ങളുടെ വേരോട്ടം, ദേശീയ പ്രസ്ഥാനം, ഗുരുവായൂര്‍ സത്യാഗ്രഹം, കേളപ്പജിയുടെ സഹന സമരം, വസൂരിബാധ, സ്വാതന്ത്ര്യ ലബ്ധി, ആധുനിക കേരള സമൂഹത്തിന്റെ രൂപപ്പെടല്‍ തുടങ്ങി നിരവധി ചരിത്ര സംഭവങ്ങള്‍ നോവലില്‍ കടന്നു വരുന്നുണ്ട്.
കെ.കേളപ്പന് എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ യഥാര്‍ഥ ജീവിതത്തിനൊപ്പം സാങ്കല്പ്പികമായ കുറേ കഥാപാത്രങ്ങള്‍ കൂടി നോവലില്‍ കടന്നുവരുന്നുണ്ട്. കെ.കേളപ്പനെക്കുറിച്ച് അധികം അറിയാത്ത കുറേകാര്യങ്ങള്‍ നോവലില്‍ വരുന്നുണ്ട്.
ആര്.ടി.അശോകനാണ് നാടകത്തിന്റെ ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശനിയന്ത്രണം ഷൈനു തച്ചന്‍കുന്നും ചമയം ബ്രോസ് പതിയാരക്കരയുമാണ് നിര്‍വഹിച്ചത്. മുപ്പതോളം നടീനടന്മാര് അരങ്ങിലെത്തുന്ന ഈ നാടകം ഇതിനകം കേരളത്തിലെ പതിനഞ്ചോളം വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും വിമര്‍ശക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.