ഉള്ള്യേരിയില്‍ കാര്‍ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം; ഒളിവിലായിരുന്ന ബസ് കണ്ടക്ടര്‍ അറസ്റ്റില്‍


ഉള്ള്യേരി: ഉള്ള്യേരിയില്‍ കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. പെരുവണ്ണാമൂഴി പൂവാറമ്മല്‍ വീട്ടില്‍ റിജിലാണ്‌(31) പിടിയിലായത്. പേരാമ്പ്രയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ അത്തോളി എസ്.ഐ രാജീവും സംഘവും ചേര്‍ന്നാണ് ഇന്ന് രാവിലെ പിടികൂടിയത്.

കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന എടത്തില്‍ ബസ് ജീവനക്കാരനാണ് ഇയാള്‍. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കുറ്റ്യാടി സ്വദേശി ഇജാസിനെ ഡിസംബര്‍ 27ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. ഉള്ള്യേരി കാഞ്ഞിരത്തിങ്കല്‍ ബിപിന്‍ലാലിനാണ്‌ ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്‌.

കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുന്നതിനിടെ ബിപിന്‍ലാല്‍ സഞ്ചരിച്ച കാര്‍ ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് ജീവനക്കാര്‍ ഉള്ളിയേരി ഈസ്റ്റ്മുക്കില്‍ വച്ച് കാര്‍ തടഞ്ഞിട്ട് അക്രമം നടത്തുകയായിരുന്നു. ബിപിന്‍ലാലിന്റെ കഴുത്തിനും തലക്കും, നെഞ്ചിലും മൂക്കിനും ബസ് ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഇയാള്‍ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടി.