ആദ്യം ലാത്തി വീശി, പിന്നാലെ ബൂട്ടുകൊണ്ട് കഴുത്തില്‍ ആഞ്ഞുചവിട്ടി; പയ്യോളി സ്വദേശിയായ യുവാവിനെ പുതുവത്സരാഘോഷ പരിപാടിക്കിടയില്‍ പോലീസ് മര്‍ദ്ദിച്ചതായി പരാതി
പയ്യോളി: വയനാട് ബോബി ചെമ്മണ്ണൂരിന്റെ പുതുവത്സരാഘോഷ പരിപാടിക്കിടയില്‍ യുവാവിനെ പോലീസ് തല്ലിച്ചതച്ചതായി പരാതി. പയ്യോളി കൊളാരിത്താഴ റഹീമിന്റെ മകന്‍ മുഹമ്മദ് ജാസിഫിനാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ജാസിഫിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി മേപ്പാടിയില്‍ ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മണ്ണൂര്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് സംഭവം. സംഗീത പരിപാടി നടന്ന വേദിക്കരികില്‍ വച്ച് യാതൊരു പ്രകോപനവും കൂടാതെ പോലീസ് സംഘം ജാസിഫിനെ മര്‍ദ്ദിക്കുയായിരുന്നവെന്നാണ് പിതാവ് റഹീം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.
പരിപാടി കഴിഞ്ഞ് വേദിക്കരികില്‍ കൂട്ടംകൂടി നില്‍ക്കാതെ കാണികളോട് പെട്ടെന്ന് തന്നെ പുറത്തേക്ക് പോവാന്‍ പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ മുന്നിലുള്ളവര്‍ പോയിട്ട് പോകാമെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് തിരക്ക് കഴിഞ്ഞ് പുറത്തേക്ക് പോവുന്നതിനിടെയാണ് പോലീസ് നാട്ടുകാര്‍ക്ക് നേരെ ലാത്തിവീശിയതെന്ന് പിതാവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ലാത്തി വീശുന്നതിനിടെ തലയ്ക്ക് അടിയേറ്റ ജാസിഫ് നിലത്ത് വീഴുകയും ഇതോടെ പോലീസ് സംഘം ഇയാളെ നിലത്തിട്ട് ചവിട്ടുകയുമായിരുന്നു.
ആദ്യം പുറകിലും പിന്നീട് തലയ്ക്കും മര്‍ദ്ദിച്ച ശേഷം നിലത്തുവീണ ജാസിഫിനെ പോലീസ് സംഘം ബൂട്ടുകൊണ്ട് കഴുത്തില്‍ ആഞ്ഞുചവിട്ടിയെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് മകന് ജീവന്‍ തിരിച്ചു കിട്ടിയതെന്നും പിതാവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
മര്‍ദ്ദനമേറ്റ് രക്തം വാര്‍ന്ന നിലയിലായ ജാസിഫിനെ ആശുപത്രിയിലെത്തിക്കാനും പോലീസ് സഹായിച്ചില്ലെന്നും പരാതിയുണ്ട്. തുടര്‍ന്ന് നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ജാസിഫിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ആശുപത്രിയില്‍ നിന്നും പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും, നാളെ സ്‌റ്റേഷനില്‍ നേരിട്ട് പോയി പരാതി കൊടുക്കുമെന്നും പിതാവ് കൊയിലാണ്ടി ഡോട് ന്യൂസിനോട് പറഞ്ഞു.