കോഴിക്കോട് പുതുവത്സരാഘോഷം കഴിഞ്ഞ് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ വണ്ടിയോടിച്ചു; ബാലുശ്ശേരി സ്വദേശിയായ 17കാരന്‍ മരിച്ചു


ബാലുശ്ശേരി: കോഴിക്കോട് കടപ്പുറത്ത് പുതുവത്സരം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങവേ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിനിടിച്ച് മരിച്ചു. ബാലുശ്ശേരി അറപ്പീടിക സ്വദേശി ജംഷീറിന്റെ മകന്‍ ആദില്‍ ഫര്‍ഹാന്‍ ആണ് മരിച്ചത്. പതിനേഴ് വയസായിരുന്നു.

പുലര്‍ച്ചെ ഒന്നേകാലോടെയാണ് അപകടം നടന്നത്. ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കില്‍വെച്ച് ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.

റോഡിലെ ഗതാഗതക്കുരുക്ക് മറികടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ മറുഭാഗത്തേക്ക് സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്‌കൂട്ടറും ട്രെയിനിന്റെ എഞ്ചിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഇതുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്‌റ്റേഷനിലാണ് ട്രെയിന്‍ നിന്നത്.

ആദിലിനൊപ്പം സ്‌കൂട്ടറില്‍ സുഹൃത്തും ഉണ്ടായിരുന്നു. ഇയാള്‍ സ്‌കൂട്ടറില്‍ നിന്ന് ചാടിരക്ഷപ്പെട്ടെന്നാണഅ വിവരം.

രണ്ട് സ്‌കൂട്ടറുകളിലായി ആദിലും മൂന്ന് സുഹൃത്തുക്കളുമാണ് കോഴിക്കോട് പുതുവത്സരം ആഘോഷിക്കാനെത്തിയത്. ആഘോഷങ്ങള്‍ക്കുശേഷം ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനാണ് ഇവര്‍ ഗാന്ധി റോഡ് വഴിവന്നത്.

പുതുവത്സര ആഘോഷത്തിന്റെ തിരക്ക് കാരണം ഗാന്ധിറോഡ് മേല്‍പ്പാലം ഉള്‍പ്പെടെയുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. മുമ്പേ പോയ സ്‌കൂട്ടര്‍ ട്രാക്ക് കടന്നുപോകുന്നതുകണഅടാണ് ആദിലും സ്‌കൂട്ടര്‍ ഓടിച്ചുകയറ്റിയത്. പ്ലാറ്റ്‌ഫോമിലേക്ക് വരാനുള്ള ട്രാക്കിലൂടെയുള്ള നടപ്പാതയിലൂടെയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ഇതിലെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

ട്രാക്കില്‍ സ്‌കൂട്ടര്‍ കണ്ട ലോക്കോപൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കി അപായമുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആദിലിന് രക്ഷപ്പെടാനായില്ല. ചൂളംവിളികേട്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു.