കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും ഈ ”ആന” കളിപ്പാട്ടങ്ങള്‍, ചിരട്ടയിലും മരത്തിലും തീര്‍ത്ത കരകൗശല വസ്തുക്കളുമായി ക്രാഫ്റ്റ് മേളയിലെ ശ്രീലങ്കന്‍ സ്റ്റാള്‍



ജിന്‍സി ബാലകൃഷ്ണന്‍

ഇരിങ്ങല്‍: മരത്തില്‍ തീര്‍ത്ത ആനവേണോ, പോക്കറ്റില്‍ സൂക്ഷിക്കാവുന്ന ആനവേണോ, ആനകളെക്കൊണ്ടുള്ള ഒരു പസിള്‍ ആയാലോ…. വ്യത്യസ്തമായ പലനിറത്തിലും വര്‍ണത്തിലുമുള്ള പലവിധ വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിച്ച ആനകളാണ് ശ്രീലങ്കന്‍ സ്റ്റാളിലെ പ്രധാന ആകര്‍ഷണം. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകും എന്ന കാര്യത്തില്‍ സംശയമില്ല.

കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും വാങ്ങിക്കാം, കീചെയ്‌നായും വീട്ടുമുറികളെ മനോഹരമാക്കുന്ന അലങ്കാരവസ്തുക്കളായും ഉപയോഗിക്കാം. ചിലട്ടകള്‍കൊണ്ടുണ്ടാക്കിയ കൗതുക വസ്തുക്കളും കോട്ടണ്‍ വസ്ത്രങ്ങളും ബാഗുകളുമെല്ലാം ഈ സ്റ്റാളിനെ ആകര്‍ഷകമാക്കുന്നു.കരകൗശല വസ്തുക്കള്‍ക്ക് പൊതുവില്‍ അല്പം വിലയുണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെ ഇരുപത് രൂപമുതലുളള ഉല്പന്നങ്ങളുണ്ട്.

പ്രതീക്ഷിച്ചത്ര തിരക്ക് ഇവിടെ ഉണ്ടായില്ലെന്ന പരിഭവമാണ് കച്ചവടക്കാര്‍ പങ്കുവെച്ചത്. മേള തുടങ്ങിയിട്ടേയുള്ളൂ, വരുംദിവസങ്ങളില്‍ തിരക്ക് കൂടിയേക്കാമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു.

സ്വന്തം നാട്ടുകാരെപ്പോലെയാണ് മലയാളികളെ കാണുമ്പോള്‍ തോന്നുന്നതെന്നാണ് ഇവിടെ കച്ചവടം നടത്തുന്ന ഹയാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. കാഴ്ചയില്‍ ശ്രീലങ്കക്കാരുമായി ഏറെ സാമ്യമുണ്ട് മലയാളികള്‍ക്ക്. ഇവിടുത്തെ ഇഡ്‌ലിയും ദോശയുമെല്ലാം ഇഷ്ടപ്പെട്ടെങ്കിലും മലയാളികളുടെ ഭക്ഷണത്തിന് എരിവ് അല്പം കുറവാണെന്നാണ് ഹയാന്റെ പക്ഷം.