പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കോഴിക്കോട് നഗരവും ഒരുങ്ങി; മഞ്ഞയും വെള്ളയും ചുവപ്പും വെളിച്ചത്താല്‍ വെട്ടിത്തിളങ്ങി മാനാഞ്ചിറ


കോഴിക്കോട്: പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കോഴിക്കോട് ദീപാലംകൃതമാകുന്നു. സഞ്ചാരികളുടെ മനം കവര്‍ന്ന് ക്രിസ്മസ് ട്രീയും കപ്പലും മാനുകളും എന്നിങ്ങനെ കണ്ണിന് കുളിര്‍മ്മയേകുന്ന തരത്തിലാണ് മാനാഞ്ചിറയില്‍ ദീപാലംങ്കാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ആളുകളാണ് മാനാഞ്ചിറയിലേക്ക് ഒഴുകിയെത്തുന്നത്. ഇല്ലുമിനേഷനില്‍ വൈദ്യുതി വിളക്കുകള്‍ കൊണ്ടലങ്കരിച്ച ബേപ്പൂര്‍ ഉരുവാണ് ഹൈലൈറ്റ്.

ഇലുമിനേറ്റിങ് ജോയി സ്പ്രെഡിങ് ഹാര്‍മണി’ എന്ന പേരില്‍ വിനോദസഞ്ചാര വകുപ്പാണ് ന്യൂ ഇയര്‍ ലൈറ്റ് ഷോയും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നത്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് മാനാഞ്ചിറയില്‍ നിര്‍വഹിച്ചിരുന്നു. കോഴിക്കോട്ടെ റീഗല്‍ ബേക്കറി നിര്‍മിച്ച 100 കിലോ തൂക്കം വരുന്ന ഭീമന്‍ കേക്ക് മുറിച്ചു മന്ത്രി പുതുവത്സരാഘോഷത്തിന് തുടക്കം കുറിച്ചു.


വൈകുന്നേരം ആറ് മണി മുതല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് മാനാഞ്ചിറയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോളേജ്, സ്‌കൂള്‍ തലങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളുടെ കലാപ്രകടനം ഉണ്ടാകും. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദീപാലംകൃതമൊരുക്കും.

നഗരത്തിന്റെ അടയാളങ്ങളായ അഞ്ചു കെട്ടിടങ്ങളില്‍ സ്ഥിരമായി ദീപാലങ്കാരം ഉണ്ടായിരിക്കും. നഗരത്തിന്റെ അടയാളങ്ങളായ കോര്‍പ്പറേഷന്‍ പഴയ കെട്ടിടം, പട്ടാളംപള്ളി, സി.എസ്.ഐ ചര്‍ച്ച്, ലൈറ്റ് ഹൗസ്, മിശ്കാല്‍ പള്ളി എന്നിവയില്‍ പുതുവര്‍ഷത്തില്‍ സ്ഥിരമായി വൈദ്യുതാലങ്കാരം നടത്താന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ കെട്ടിടങ്ങളുടെ അറ്റാകുറ്റപണി പൂര്‍ത്തിയായശേഷമായിരിക്കും ഇത്.
നഗരത്തിന്റെ അടയാളങ്ങളായ അഞ്ചു കെട്ടിടങ്ങളില്‍ സ്ഥിരമായി ദീപാലങ്കാരം ഉണ്ടായിരിക്കും.