നാടകം, വിപണന മേള, പുഴയില്‍ ഉല്ലാസ യാത്ര, ആഘോഷങ്ങളെ വരവേല്‍ക്കാന്‍ കീഴരിയൂര്‍ ഒരുങ്ങിക്കഴിഞ്ഞു; അകലാപ്പുഴയുടെ തീരങ്ങളില്‍ കീഴരിയൂര്‍ ഫെസ്റ്റിന് ഡിസംബര്‍ 28 ന് തുടക്കമാകും


കീഴരിയൂര്‍: കീഴരിയൂര്‍ ഫെസ്റ്റിന് ഡിസംബര്‍ 28 ന് തിരിതെളിയും. അകലാപ്പുഴയുടെ മനോഹര തീരങ്ങളില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോരപ്ര – പൊടിയാടിയില്‍ വച്ച് സംഘടിപ്പിക്കുന്ന കീഴരിയൂര്‍ ഫെസ്റ്റ് ഡിസംബര്‍ 28 മുതല്‍ 31 വരെ നടക്കും.

ചില്‍ഡ്രന്‍സ് പാര്‍ക്ക്, വിപണന മേള, ഫുഡ് കോര്‍ട്ട്, പുഴയില്‍ ഉല്ലാസയാത്ര എന്നീ വിവിധ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്. 28ന് രാവിലെ കുട്ടികളുടെ ചിത്രോത്സവത്തോടെ പരിപാടി ആരംഭിക്കും. നഴ്‌സറി തലം മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം വരെയുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

ഗായകന്‍ അജയ് ഗോപാല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിര്‍മ്മല അധ്യക്ഷയാകും. കൊയിലാണ്ടി ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ബിജു എം. വി മുഖ്യതിഥിയാവും. തെരുവ് ഗായകര്‍ പാടുന്ന തെരുവ് സംഗീതിക, വിവിധ ആയോധന കലാരൂപങ്ങള്‍, നാട്ടുപൊലിമ എന്നിവയും അരങ്ങേറും. വൈകീട്ട് നാല് മണിക്ക് സാംസ്‌കാരിക ഘോഷയാത്ര കീഴരിയൂര്‍ സെന്ററില്‍ നിന്ന് ആരംഭിക്കും.

29 ന് രാവിലെ ജീവിത ശൈലീ രോഗനിര്‍ണ്ണയ ക്യാമ്പോടെ ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് ‘കായല്‍ ടൂറിസം: പ്രശ്‌നങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ഹരി അച്യുത വാര്യര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് സരോവരം സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ കലാസന്ധ്യ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

30 ന് വൈകുന്നേരം 3.30 ന് കലാകാരന്മാരുടെ സംഗമം നടക്കും. ഗായിക ആര്യനന്ദ ആര്‍ ബാബു പരിപാടിയില്‍ അതിഥിയാവും. രാത്രി 7മണിക്ക് റാന്തല്‍ തിയേറ്റര്‍ വില്ലേജ് ഒരുക്കുന്ന സംസ്‌കാരിക സായാഹ്നവും മാലത്ത് നാരായണന്‍ പുരസ്‌കാര സമര്‍പ്പണവും നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈലജ. ജെ ഉദ്ഘാടനം ചെയ്യും.

ഭാസ അക്കാദമി കൊയിലാണ്ടി അവതരിപ്പിക്കുന്ന നാടകം എരി, കനല്‍പാട്ട് കൂട്ടത്തിന്റെ നാടന്‍ പാട്ടുകള്‍ എന്നിവ അരങ്ങേറും. 31 ന് രാവിലെ 10 മണിക്ക് കാര്‍ഷിക സെമിനാറും നടക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും.

ഗായിക ദേവനശ്രിയ മുഖ്യതിഥിയായിരിക്കും. കണ്ണൂര്‍ താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകളും പരിപാടിയുടെ മാറ്റുകൂട്ടും. നാടിന്റെ സാംസ്‌കാരികത്തനിമയും പ്രാദേശിക ടൂറിസം സാധ്യതകളും അനാവരണം ചെയ്യുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍, കണ്‍വീനര്‍ ദാസന്‍ എടക്കുളംകണ്ടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സജീവ് കീഴരിയൂര്‍, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ കെ.എം. സുരേഷ് ബാബു, ട്രഷറര്‍ എരോത്ത് അഷറഫ്, എം. സുരേഷ് എന്നിവര്‍ പങ്കെടുത്തു.