അരിക്കുളം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയാക്കിയ മൂന്ന് മരണങ്ങള് നടന്ന വര്‍ഷം; പന്ത്രണ്ടുകാരന്റെ കൊലപാതകവും, വയലില്‍ കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹവും മുത്താമ്പിയിലെ യുവതിയുടെ കൊലപാതകവും
അരിക്കുളം: അരിക്കുളത്തെ സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമാക്കിയ രണ്ട് മരണങ്ങള് നടന്ന വര്‍ഷമായിരുന്നു ഇക്കഴിഞ്ഞുപോയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതിലൊന്ന് കൊലപാതകമാണെന്ന് തെളിയുകയും ചെയ്തു.
ഏപ്രില്‍ 16നാണ് അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന് അഹമ്മദ് ഹസന് റിഫായിക്ക് ഐസ്ക്രീം കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ചികിത്സയ്ക്കിടെ പിറ്റേദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണം സംഭവിക്കുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ കേടായ ഐസ്ക്രീം കഴിച്ചതാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതെന്ന പ്രചരണമുയര്ന്നു. ഐസ്ക്രീം വാങ്ങിയ കടയെചുറ്റിപ്പറ്റി അന്വേഷണം നടന്നു. എന്നാല്‍ ഇവിടെ നിന്നും വാങ്ങിയ ഐസ്ക്രീം കഴിച്ച മറ്റാര്‍ക്കും ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടിരുന്നില്ല. ഇതോടെ കുട്ടികള്‍ക്ക് ഐസ്ക്രീം എത്തിച്ചുനല്‍കിയ മുഹമ്മദലിയുടെ സഹോദരി താഹിറയെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുപോകുകയും ഒടുക്കം താഹിറ ഐസ്ക്രീമില് വിഷം നല്കി കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തെളിയുകയുമായിരുന്നു. ഈ സംഭവങ്ങളെല്ലാം തന്നെ സംസ്ഥാന തലത്തില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ആഗസ്റ്റില്‍ അരിക്കുളം ഊരള്ളൂരിലെ ഒരു വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും അരിക്കുളം മാധ്യമശ്രദ്ധ നേടിയത്. ആഗസ്റ്റ് 13നാണ് കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിന് സമീപം വയലില്‍ മൃതദേഹ ഭാഗം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ കാലിന്റെ ഭാഗമായിരുന്നു ആദ്യം കണ്ടത്. പ്രദേശത്ത് ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗം കണ്ടത്. തുടര്‍ന്ന് പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ പ്രദേശത്തുനിന്നുതന്നെ മറ്റുഭാഗങ്ങളും കണ്ടുകിട്ടി.
പ്രദേശത്തുനിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഊരള്ളൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശി രാജീവന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. രാജീവന്റെ മരണം എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിലാണ് പിന്നീട് അന്വേഷണം നടന്നത്.
മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വസ്ത്രങ്ങളില്‍ നിന്നാണ് രാജീവന്റെ മൃതദേഹമാണെന്ന സൂചന ലഭിച്ചത്. പ്രാഥമിക പരിശോധനയില്‍ ശരീരഭാഗങ്ങള്‍ മൃഗങ്ങള്‍ കടിച്ച് പറിച്ച പാടുകള്‍ ഉണ്ടെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ഇയാളുടെ ചെരുപ്പ്, ഒഴിഞ്ഞ മണ്ണെണ്ണ പാത്രം എന്നിവ ലഭിച്ചിരുന്നു. കൊലപാതകമെന്ന സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചമട്ടാണ്.
അരിക്കുളം സമീപ പ്രദേശമായ മുത്താമ്പിയിലെ യുവതിയുടെ കൊലപാതകവും ഏറെ ചര്‍ച്ചയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു’, 2023 ജനുവരി അവസാനം മുത്താമ്പിയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഇത്. അന്പത്തിയഞ്ചുകാരനായ അരിക്കുളം മഠത്തില്മീത്തല് രവീന്ദ്രന് ആണ് സ്റ്റേഷനിലെത്തി കൊലപാതക വാര്‍ത്ത അറിയിച്ചത്. നടുക്കത്തോടെയാണ് ഈ വാര്‍ത്തയെ മുത്താമ്പി സ്വീകരിച്ചത്.
മുത്താമ്പി ആഴാവില്‍ത്താഴയില്‍ പുത്തലത്ത് ലേഖ (39) ആയിരുന്നു കൊല്ലപ്പെട്ടത്. സന്തോഷകരമെന്ന് പൊതുസമൂഹത്തിന് തോന്നുന്ന തരത്തില്‍ ജീവിച്ചിരുന്ന കുടുംബത്തില്‍ ഇത്തരമൊരു സംഭാവമുണ്ടായത് ഏവരേയും ഞെട്ടിച്ചിരുന്നു. ‘അവള് എന്നം ചതിക്കുവാ’ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഈ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു.
കൊലപാതകം നടന്ന വിവരം പരിസരവാസികള്‍ പോലും അറിഞ്ഞിരുന്നില്ല. രവീന്ദ്രന് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയതിന് പിന്നാലെ പൊലീസും ആംബുലന്‍സുമൊക്കെ വീട്ടില്‍ എത്തിയതോടെയാണ് നാട്ടുകാര്‍ കാര്യം അറിയുന്നത്. കൊലപാതകം നടന്ന ദിവസം രാവിലെ രവീന്ദ്രനും രേഖയും കൊയിലാണ്ടി എസ്.ബി.ഐയില്‍ പോയിരുന്നു. ഇവിടെ നിന്നും തിരിച്ചെത്തിയശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം.