അനുവദിച്ചത് നാലു സീനിയര്‍ റസിഡന്റുമാരുള്‍പ്പെടെ ഒമ്പത് തസ്തികകള്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അഭാവത്തിന് അല്പം ആശ്വാസം


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അഭാവനത്തിന് താല്‍ക്കാലിക ആശ്വാസം. പുതുതായി ഒമ്പത് ഡോക്ടര്‍മാരുടെ തസ്തിക അനുവദിച്ചിരിക്കുകയാണ്. നിലവിലെ വര്‍ധന ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് മതിയായതല്ലെങ്കിലും അല്പം ആശ്വാസമാണ്.

നാലു സീനിയര്‍ റസിഡന്റുമാരുടെയും ഒരു അസോസിയേറ്റ് പ്രഫസറുടെയും നാല് അസിസ്റ്റന്റ് പ്രഫസര്‍മാരുടെയും തസ്തികയാണ് അനുവദിച്ചത്. എമര്‍ജന്‍സി മെഡിസിന്‍, സി.വി.ടി.എസ് എന്നിവയില്‍ രണ്ടു വീതം സീനിയര്‍ റസിഡന്റുമാര്‍, സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്ററോളജിയില്‍ ഒരു അസോസിയേറ്റ് പ്രഫസര്‍, നിയോ നാറ്റോളജി, റുമാറ്റോളജി, ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി, എന്‍ഡോക്രൈനോളജി എന്നീ വിഭാഗങ്ങളില്‍ ഓരോ അസിസ്റ്റന്റ് പ്രഫസര്‍മാരെയുമാണ് മെഡിക്കല്‍ കോളജിന് ലഭിക്കുക.

പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ തുടങ്ങി 469 സ്ഥിരം തസ്തികകളുള്ള മെഡിക്കല്‍ കോളേജില്‍ 80 തസ്തികകളില്‍ ആളില്ലാത്ത സ്ഥിതിയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും വിദ്യാര്‍ഥികളെയും ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പല തസ്തികകളും നികത്താത്തത് വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുകയും രോഗികള്‍ക്ക് ചികിത്സ വൈകാന്‍ ഇടയാക്കുകയും ചെയ്തിരുന്നു.

1962 സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് അനുവദിച്ച പോസ്റ്റുകളാണ് ഇക്കാലമത്രയും ഉണ്ടായിരുന്നത്. അതിനുശേഷം മെഡിക്കല്‍ കോളജില്‍ ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും വിവിധ അത്യാധുനിക ചികിത്സസംവിധാനങ്ങള്‍ സ്ഥാപിക്കുകയും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്‌തെങ്കിലും ഒരു തസ്‌കികപോലും അനുവദിച്ചിരുന്നില്ല.