കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എക്‌സ്‌റേ സംവിധാനം രോഗികളെ വലയ്ക്കുന്നു, യന്ത്രം തകരാറിലായിട്ട് നാലുദിവസം; ഉടന്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എക്‌സ്‌റേ സംവിധാനം കേടായത് രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. കഴിഞ്ഞ നാലുദിവസത്തോളമായി എക്‌സ്‌റേ യന്ത്രത്തിന് തകരാര്‍ സംഭവിച്ചിട്ട്. രാത്രിയും പകലുമായി ദിവസം നൂറിലേറെ എക്‌സ്‌റേകള്‍ എടുക്കേണ്ടിവരുന്ന ആശുപത്രിയിലെ സ്ഥിതിയാണിത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എക്‌സ്‌റേ യന്ത്രം കേടായത്. എക്‌സ്‌റേ ആവശ്യമായ രോഗികള്‍ യന്ത്രത്തകരാറ് കാരണം പുറത്തുപോകേണ്ടിവരുന്നത് വ്യാപകമായ പരാതികള്‍ക്ക് ഇടയാക്കുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഇവിടെ നിന്നും എക്‌സ്‌റേ എടുത്തുനല്‍കുന്നുണ്ടെങ്കിലും യന്ത്രത്തകരാര്‍ കാരണം വ്യക്തതക്കുറവ് സംഭവിക്കുന്ന രോഗികളുമായി വാക്കുതര്‍ക്കത്തിന് വഴിവെക്കുന്നുണ്ട്.

പഴക്കമേറിയ യന്ത്രമാണ് എക്‌സ്‌റേയ്ക്കായി ഇവിടെ ഉപയോഗിക്കുന്നത്. അത്യാധുനിക സൗകര്യമുള്ള യന്ത്രങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളൊന്നും ഇക്കാലത്തിനിടെയുണ്ടായിട്ടില്ല. ട്രോളി എക്‌സ്‌റേ നിലവിലുണ്ടെങ്കിലും അതും ഉപയോഗപ്പെടുന്നില്ലെന്നാണ് വിവരം.

അടിയന്തരമായി എക്‌സറേ സംവിധാനം പുനസ്ഥാപിക്കാനും ആധുനിക രീതിയിലുള്ള എക്‌സറേ സംവിധാനം വരുത്താനും ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് രോഗികള്‍ ആവശ്യപ്പെടുന്നത്.