ജില്ലാ സ്‌ക്കൂള്‍ കലോത്സവം; യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ റണ്ണറപ്പായി അഴിയൂര്‍ ഈസ്റ്റ് യുപി സ്‌ക്കൂള്‍, അറബിക് സാഹിത്യോത്സവത്തില്‍ നാദാപുരം, കൊയിലാണ്ടി,താമരശ്ശേരി സബ് ജില്ലകള്‍ക്ക്‌ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


പേരാമ്പ്ര: ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തില്‍ സമാപിക്കുമ്പോള്‍ യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുമായി റണ്ണറപ്പായി അഴിയൂര്‍ ഈസ്റ്റ് യുപി സ്‌ക്കൂള്‍ ചോമ്പാല. മേലടി ഉപജില്ലയ്ക്കാണ്‌ യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ ഓവറോള്‍ ഒന്നാംസ്ഥാനം. 95 പോയിന്റാണ് മേലടി ഉപജില്ല നേടിയത്‌. ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജ ശശി സമ്മാനദാനം നിര്‍വ്വഹിച്ചു.

യുപി വിഭാഗം സംസ്‌കൃതോത്സവത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌ക്കൂളിനുള്ള ട്രോഫി ചാത്തമംഗലം എയുപിഎസ് സ്വന്തമാക്കി. യു.പി വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ താമരശ്ശേരി, നാദാപുരം, കൊയിലാണ്ടി സബ് ജില്ലകള്‍ക്കാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

യുപി വിഭാഗം സാഹിത്യോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌ക്കൂളിനുള്ള ട്രോഫി എംയുഎം വിഎച്ച്എസ്എസ് വടകര കരസ്ഥമാക്കി. 43 പോയിന്റുകളാണ് സ്‌ക്കൂള്‍ നേടിയത്‌. യുപി വിഭാഗം അറബിക് സാഹിത്യോത്സവം റണ്ണേഴ്‌സപ്പിനുള്ള ട്രോഫി ജെഡിടി ഇസ്ലാം എച്ച്എസ്എസ് മേരിക്കുന്ന് കരസ്ഥമാക്കി.

ജില്ലാ റവന്യു കലോത്സവ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന, വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജില്ലാ കോ- ഓഡിനേറ്റർ ജി മനോജ് കുമാർ, താമരശ്ശേരി വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ കെ വി പ്രമോദ്, ചോമ്പാല എഇഒ സ്വപ്ന ജൂലിയറ്റ് തുടങ്ങിയവർ സംസാരിച്ചു.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ട്രോഫികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിതരണം ചെയ്തു. ജീവ ജ്യോതി പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയേഴ്സ് തയ്യാറാക്കിയ രക്ത ഗ്രൂപ്പ് വിവരങ്ങൾ അടങ്ങിയ രക്ത ഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. ഹയർ സെക്കൻഡറി എജ്യുക്കേഷൻ ആർ.ഡി.ഡി. സന്തോഷ് കുമാർ എം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാജു വി കൃഷ്ണൻ നന്ദിയും പറഞ്ഞു.