‘സര്‍ഗ്ഗാത്മക ജീവിതത്തിന് സാഹിത്യം അനിവാര്യം’; പൂക്കാട് കലാലയം കനകജൂബിലിയുടെ ഭാഗമായി മലയാള സാഹിത്യോത്സവം സംഘടിപ്പിച്ചു
കൊയിലാണ്ടി: മനുഷ്യന്റെ ഇത്തിരിവട്ട ജീവിത സഞ്ചാരം വിപുലവും സര്‍ഗാത്മകവുമായ അനുഭവങ്ങളാക്കി മാറ്റുവാന്‍ സാഹിത്യകൃതികള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍. പൂക്കാട് കലാലയം കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാധാകൃഷ്ണന്‍ കാര്യാവില്‍ നഗരിയില്‍ ഒരുക്കിയ ഇ.കെ.ഗോവിന്ദന്‍മാസ്റ്റര്‍ സ്മാരക വേദിയില്‍ മലയാള സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഒരുക്കിയ കഥ,കവിത, ഹ്രസ്വചിത്ര തിരക്കഥ, രചനാ കേമ്പ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ.എം. സത്യന്‍ ഉദ്ഘാടനം ചെയ്തു. ആത്മജ്ഞാനത്തിലൂടെ വിവേകമതികളായി വളരണമെങ്കില്‍ പുതുതലമുറയില്‍ സാഹിത്യ ബോധ്യങ്ങള്‍ ശില്പശാലകളിലൂടെ നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാനും കവിയും നാടകകൃത്തുമായ എം.എം സചീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് യു.കെ.രാഘവന്‍ ആശംസ അര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന ശില്പശാലയില്‍ എന്‍.ഇ. ഹരികുമാര്‍, ഡോ: സിജു കെ.ഡി. എന്നിവര്‍ തിരക്കഥാ ക്ലാസ് നയിച്ചു. കവിത പഠനക്ലാസ് എം.എം.സചീന്ദ്രനും കഥാപഠന ക്ലാസ് വി.പി.ഏല്യാസും നയിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളും പൊതു ജനങ്ങളും ഉള്‍പ്പടെ 210 പേര്‍ ശില്പശാലകളില്‍ പങ്കാളികളായി.
കലാലയം പ്രിന്‍സിപ്പാള്‍ ശിവദാസ് ചേമഞ്ചേരി, കണ്‍വീനര്‍ ജനറല്‍ ശിവദാസ് കാരോളി എന്നിവര്‍ സ്‌നേഹോപഹാരം നല്‍കി. ജനറല്‍ കണ്‍വീനര്‍ ശശികുമാര്‍ പാലക്കല്‍ സ്വാഗതവും ജനറല്‍ സെകട്ടറി സുനില്‍ തിരുവങ്ങൂര്‍ നന്ദിയും പറഞ്ഞു. ശനിയാഴ്ച പൊതുജനങ്ങള്‍ക്കും കലാലയം പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി രാവിലെ 10 മണിക്ക് ഡോ.ആര്‍.വി.എം.ദിവാകരന്‍ നയിക്കുന്ന സാഹിത്യാസ്വാദന ക്ലാസും ഉച്ചയ്ക്ക് 2 മണിക്ക് ബിജുകാവില്‍ നേതൃത്വം നല്‍കുന്ന സാഹിതീ സല്ലാപം പ്രശ്‌നോത്തരിയും നടക്കും.
വൈകീട്ട് 3.30 മണിക്ക് ഗ്രാമാക്ഷരി സാഹിത്യകാര സംഗമം എം.വി.എസ്. പൂക്കാട് ഉദ്ഘാടനം ചെയ്യും. 4 മണിയ്ക്ക് സമാപന സമ്മേളനം കല്പറ്റനാരായണന്‍ ഉദ്ഘാടനം ചെയ്യും. സമാപന വേദിയില്‍ അഖിലകേരള കഥ, കവിത, ഏകാങ്കനാടക രചനാ മത്സര വിജയികള്‍ക്ക് ഉപഹാരവും കാര്യാവില്‍ രാധാകൃഷ്ണന്‍, ദാമു കാഞ്ഞിലശ്ശേരി സ്മാരക കേഷ് അവാര്‍ഡും നല്‍കും. [mid5]