”സി.ഐയ്ക്ക് മുന്നില്‍വെച്ചും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു”; നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ യൂട്യൂബറെ പൊലീസ് സ്റ്റേഷനില്‍വെച്ചും ആക്രമിച്ചെന്ന് ആരോപണം


അരീക്കോട്: നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ യൂ ട്യൂബറെ സി.പി.എം പ്രവര്‍ത്തകര്‍ കൈറ്റം ചെയ്തതിനെതിരെ പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെവെച്ചും ആക്രമിക്കപ്പെട്ടെന്ന് ആരോപണം. കെട്ടിട പെര്‍മിറ്റ് ഫീസിലെ ഭീമമായ വര്‍ധനക്കെതിരെ പരാതിയുമായെത്തിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുഹമ്മദ് നിസാറിന് നേരെയാണ് കൈയേറ്റമുണ്ടായത്. കൗണ്ടറില്‍ പരാതി നല്‍കിയതിന് പിന്നാലെ തന്റെ ഫോണും മൈക്കും പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങിയതായി നിസാര്‍ ആരോപിച്ചു.

സി.ഐ ചര്‍ച്ചയ്ക്കായി വിളിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയപ്പോഴാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നാണ് നിസാര്‍ പറയുന്നത്. സ്റ്റേഷന്റെ കോമ്പൗണ്ടിനുള്ളില്‍ പരാതി എഴുതുന്ന സ്ഥലത്തുവെച്ച് വയറിനും നെഞ്ചിനും കുത്തുകയും മുഖത്ത് അടിക്കുകയും ചെയ്തതായി നിസാര്‍ ആരോപിക്കുന്നു.

കെട്ടിട നിര്‍മാണാനുമതിക്കുള്ള ഫീസ് വര്‍ധിപ്പിച്ച വിഷയത്തില്‍ താന്‍ പരാതി നല്‍കാന്‍ പോകുകയാണെന്ന് പറഞ്ഞ് നിസാര്‍ കഴിഞ്ഞ ദിവസം പ്രത്യേക വിഡിയോ ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ‘മുഖ്യമന്ത്രിയെ കാണാന്‍ നാളെ ചെല്ലുമ്പോള്‍ എന്റെ കൈയില്‍ ഉറപ്പായും ഇതുണ്ടാവും’ എന്ന കുറിപ്പോടെയുള്ള വിഡിയോയില്‍ താന്‍ നല്‍കാന്‍ പോകുന്ന പരാതി വായിച്ചു കേള്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് സി.പി.എം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. കൈയേറ്റത്തിനും ഫോണും മൈക്കും തട്ടിയെടുത്തതിനും നിസാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, പരിപാടി കഴിഞ്ഞതിന് ശേഷം ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ യൂട്യൂബർ ശ്രമിച്ചതാണ് തർക്കത്തിന് ഇടയാക്കിയതെന്ന് ഡിവൈഎഫ്ഐ പ്രവർത്തകരും ആരോപിക്കുന്നു