70 പവനുമായി പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചത് വടകരയിലുള്ള ആളെന്ന് കണ്ടെത്തി; കൂട്ടുപ്രതിക്കായി പൊലീസ് താണ്ടിയത് 3000 കിലോമീറ്റര്‍; ‘കണ്ണൂര്‍ സ്ക്വാഡിനെ’ വെല്ലുന്ന അനുഭവവുമായി കോഴിക്കോട് പൊലീസ്
കോഴിക്കോട്: ലിങ്ക് റോഡിലെ സ്വര്‍ണക്കടയില്‍ നിന്നും 70 പവന് സ്വര്‍ണവുമായി കടന്നുകളഞ്ഞ ബംഗാള്‍ സ്വദേശിയുടെ കൂട്ടാളിയെ കോഴിക്കോട് പൊലീസ് വലയിലാക്കിയത് ‘കണ്ണൂര്‍ സ്ക്വാഡ്’ സിനിമയെ വെല്ലുന്ന അനുഭവങ്ങളുമായി. സ്വര്‍ണ്ണക്കടയിലെ ജീവനക്കാരനായ ഗാസുദ്ദീന് (42) ആണ് എഴുപത് പവന് സ്വര്‍ണ്ണവുമായി മുങ്ങിയത്. ഗാസുദ്ദീനെ മോഷണത്തിനും രക്ഷപ്പെടുന്നതിനും സഹായിച്ചത് വടകരയില്‍ ജോലി ചെയ്യുന്ന ഇയാളുടെ ബന്ധു നസര്മുല്ലയാണെന്ന് പൊലീസ് കണ്ടെത്തി.
ഇയാളെ തിരഞ്ഞാണ് പൊലീസ് 3000 കിലോമീറ്റര്‍ ദൂരെയുള്ള ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമത്തിലെത്തിയത്. കൊടുംതണുപ്പ്, ഗ്രാമവാസികളാല്‍ ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കുമെന്ന ആശങ്ക, ഇതിനെല്ലാം ഒടുവിലാണ് പൊലീസ് സംഘം പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചത്.
കോഴിക്കോട് ടൗണ്‍ എ.സി.പിയുടെ കീഴിലുള്ള ക്രൈംസ്ക്വാഡാണ് ഈ സാഹസത്തിനൊരുങ്ങിയത്. എ.സി.പി പി.ബാബുരാജിന്റെ ക്രൈംസ്ക്വാഡ് അംഗങ്ങളായ എസ്.ഐ മുഹമ്മദ് സിയാദ്, സീനിയര്‍ സി.പി.ഒ എം.ഷാലു, സി.പി.ഒ പി.ഹരീഷ് എന്നിവരാണ് ബസിലും ട്രെയിനിലുമായി പ്രതിയ്ക്കുവേണ്ടി ഇത്രയും ദൂരം സഞ്ചരിച്ചത്.
മോഷണത്തിന് പിന്നാലെ പ്രതികള്‍ ഗോവ വഴി കൊല്‍ക്കത്തയിലേക്ക് കടക്കുകയായിരുന്നു. ഇവിടെ നിന്നും ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന ബര്‍ദ്മാന്‍ ഗ്രാമത്തിലെത്തി. പ്രദേശത്തെ നന്ദന്ഗഡ് പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പൊലീസുകാരും സഹായത്തിന് എത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12 മണിയോടെ സംഘം ബര്ദ്മാനിലെത്തി നസര്മുല്ലയെ പിടികൂടുകയായിരുന്നു.
ബംഹളം കേട്ട് ഗ്രാമവാസികള്‍ ഉണരുകയും പൊലീസിനെ തടയുകയും ചെയ്തു. ഭാഷ അറിയാത്തതിനാല്‍ പ്രശ്നം വഷളാകും മുമ്പേ പ്രതിയെയും കൊണ്ട് പൊലീസ് രക്ഷപ്പെടുകയായിരുന്നു. ബസിലും ട്രെയിനിലും യാത്ര ചെയ്ത് ഇന്നലെയാണ് സംഘം തിരിച്ചെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.