നവകേരള സദസ്സുകള്‍ നാടിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം, ബഹിഷ്‌കരിക്കുന്നത് ശരിയായ നടപടിയല്ല; കൊയിലാണ്ടിയിലെ നവകേരള സദസ്സില്‍ മുഖ്യമന്ത്രി
കൊയിലാണ്ടി: നവകേരള സദസ്സിനെത്തിയ ജനങ്ങള്‍ പൂര്‍ണ്ണ സംതൃപ്തിയോടെയാണ് തിരിച്ചു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങള്‍ക്ക് സര്‍ക്കാരിന് മുമ്പില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ഈ സര്‍ക്കാരിന്റെ പ്രത്യേകത. 2016 ല്‍ അധികാരം ഏറ്റെടുക്കുമ്പോള്‍ സമസ്ത മേഖലയിലും പുരോഗതി കൈവരിക്കുക എന്ന ദൗത്യമാണ് ജനങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചത്.
പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചത് പോലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സര്‍ക്കാരിനായി. നടപ്പാക്കില്ലന്ന് കരുതിയ പദ്ധതികള്‍ പലതും നടപ്പാക്കി. നിരാശയില്‍ നിന്ന് കേരളത്തിന് പ്രതീക്ഷയേകി.ഓഖി, നിപ, മഹാപ്രളയം, അതിരൂക്ഷമായ കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയവ സംസ്ഥാനത്തിന് പല രീതിയിലുള്ള തിക്താനുഭവങ്ങളാണ് നല്‍കിയത്. പല ഭാഗത്തുനിന്നും നിസ്സഹകരണങ്ങള്‍ ഉണ്ടായിരുന്നിട്ടും ജനങ്ങളുടെ ഐക്യത്തിനു മുന്നില്‍ കേരളത്തിന് അതിജീവിക്കാനായി. ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ഇതിന് അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് പരിപാടിയിലും ജനപ്രതിനിധികള്‍ നാടിന്റെ പൊതുവായ പ്രശ്‌നങ്ങളും പ്രതീക്ഷകളും അവതരിപ്പിക്കും. ചെറുതും വലുതുമായ നാടിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് മണ്ഡലങ്ങളില്‍ ലഭിക്കുന്നത് എന്നിരിക്കെ ഇത്തരത്തിലുള്ള സദസ്സുകള്‍ ബഹിഷ്‌കരിക്കുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേട്ടങ്ങളില്‍ നിന്നും മുന്നോട്ട് പോകാന്‍ കഴിഞ്ഞാലേ നാടിനു പുരോഗതി ഉണ്ടാകുകയുള്ളൂ. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിന്റെ ഭാഗമായി ഒട്ടേറെ മേഖലകളില്‍ അഭിമാനകരമായ നേട്ടം നേടിയെടുത്താണ് കാലാനുസൃതമായ പുരോഗതി ആര്‍ജ്ജിക്കുന്നത്.
പ്രാദേശിക സര്‍ക്കാരിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനം മികച്ചതാണ്.
ലോകത്തിനും രാജ്യത്തിനും മാതൃകയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഭാവി കേരളത്തെ പടുത്തുയര്‍ത്താനുമാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. നാട് മുഴുവന്‍ നവകേരള സദസ്സിനെ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷയായിരുന്നു. മന്ത്രിമാരായ ആന്റണി രാജു, കെ.എന്‍.ബാലഗോപാല്‍, ആര്‍.ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. കൊയിലാണ്ടി മണ്ഡലം നവ കേരള സദസ്സ് നോഡല്‍ ഓഫീസര്‍ എന്‍.എം.ഷീജ സ്വാഗതവും കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണി നന്ദിയും പറഞ്ഞു.