”ഇത്തരത്തിലുള്ള നന്മനിറഞ്ഞ പദ്ധതികള്‍ പൂര്‍ണാര്‍ത്ഥത്തില്‍ സ്വാഗതം ചെയ്യേണ്ടതുണ്ട്” വടകരയിലെ നവകേരള സദസില്‍ സജീവ പങ്കാളിയായി എം.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍


വടകര: നവകേരള സദസ്സ് പോലുള്ള പരിപാടികള്‍ പൂര്‍ണാര്‍ത്ഥത്തില്‍ സ്വാഗതം ചെയ്യേണ്ടതുണ്ടെന്ന് എം.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍. നവകേരള സദസ്സിന് മുന്നോടിയായി വടകരയില്‍ നടന്ന പ്രഭാത യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പൂര്‍ണമായിട്ടും ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യംവെച്ചുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ഒരു യാത്രയാണിത്. ജനങ്ങളെ നേരിട്ട് മനസിലാക്കി അവരുമായി സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് അതിന് പരിഹാരം കാണുകയെന്ന വലിയ ലക്ഷ്യത്തില്‍ നടത്തുന്ന ഇത്തരത്തിലുള്ള നന്മനിറഞ്ഞ പദ്ധതികള്‍ പൂര്‍ണാര്‍ത്ഥത്തില്‍ സ്വാഗതം ചെയ്യേണ്ടതും അഭിനന്ദിക്കേണ്ടതുമുണ്ട്. അത് മനസിലാക്കി തന്നെയാണ് ഈ പരിപാടിയില്‍ എത്തിച്ചേര്‍ന്നത്. അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സിന്റെ സ്വീകരണ കേന്ദ്രങ്ങളില്‍ പറ്റാവുന്നിടത്തെല്ലാം പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനനന്മയ്ക്കായി കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ചുനില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹരിത വിഷയത്തില്‍ എം.എസ്.എഫില്‍ നിന്നും അച്ചടക്ക നടപടി നേരിട്ട നേതാവാണ് ലത്തീഫ് തുറയൂര്‍. എം.എസ്.എഫിലെ ഏറ്റവും പ്രധാനപ്പെട്ട വിങ് ഹരിതയിലെ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ നീതി ലഭിക്കാത്ത സാഹചര്യത്തില്‍ നീതി ലഭ്യമാക്കണമെന്ന് പറഞ്ഞതിന്റെ പേരിലാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും മുസ്‌ലിം ലീഗിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായിട്ടാണ് അന്ന് നടപടിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.