നവകേരള സദസ്സില്‍ പരാതി സ്വീകരിക്കാന്‍ ഒരുക്കിയത് 20 കൗണ്ടറുകള്‍, 25ന് രാവിലെ എട്ടുമണിമുതല്‍ നിവേദനം സ്വീകരിക്കും; കൊയിലാണ്ടിയില്‍ ഗതാഗത നിയന്ത്രണം, വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: നവംബര്‍ 25 ന് നടക്കുന്ന നവകേരള സദസ്സിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൊയിലാണ്ടി ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ജനസഞ്ചയത്തിനാണ് നാം സാക്ഷിയാകാന്‍ പോകുന്നത്.
ജനങ്ങളില്‍ നിന്നും വിവിധ നിവേദനങ്ങള്‍ സ്വീകരിക്കാന്‍ 20 കൗണ്ടറുകള്‍ സ്റ്റേഡിയത്തിന്റെ വടക്കുഭാഗത്ത് ക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം സ്ത്രീകള്‍ക്കും രണ്ടെണ്ണം മുതിര്‍ന്ന പൗരന്മാര്‍ക്കും ഒന്ന് ഭിന്നശേഷിക്കാര്‍ക്കും മാത്രമായി റിസര്‍വ് ചെയ്തിട്ടുണ്ട്.
രാവിലെ എട്ടുമണിമുതല്‍ നിവേദനം സ്വീകരിക്കാന്‍ തുടങ്ങും. എല്ലാവരുടെയും നിവേദനം ഏറ്റുവാങ്ങുന്നതുവരെ ഇത് തുടരും. പരിപാടിക്കെത്തുന്ന ജനങ്ങളെ സഹായിക്കാനായി മെഡിക്കല്‍, പോലീസ്, ഫയര്‍ എന്നിവരുടെയും വളണ്ടിയറുടെയും സേവനം സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തുന്ന ജനങ്ങള്‍ ബോയ്‌സ് സ്‌കൂള്‍ റോഡിലുള്ള ഗേറ്റിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്.
പരിപാടിയില്‍ ഉണ്ടാകുന്ന ജനപങ്കാളിത്തം കണക്കിലെടുത്ത് കൊയിലാണ്ടി നഗരത്തിലെ ഗതാഗത ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും. പരിപാടിയിലേക്ക് ആളുകളെത്തിക്കുന്ന ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ മൂടാടി, പയ്യോളി നിന്നും വരുന്ന വാഹനങ്ങള്‍ കേരള ബാങ്കിന് അടുത്തും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്റിന് മുന്‍വശത്തും നടേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടി റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് മുന്‍പായും ആളുകളെയിറക്കി കോമത്തുകര ബൈപ്പാസിന്റെ പണി നടന്നുകൊണ്ടിരിക്കുന്നിടത്ത് പാര്‍ക്ക് ചെയ്യണം.
കാറുകളുള്‍പ്പെടെയുള്ള ചെറിയ നാലു ചക്രവാഹനങ്ങള്‍ കൊയിലാണ്ടി ഓവര്‍ബ്രിഡ്ജില്‍ നിന്നും മുത്താമ്പി റോഡിലേക്കിറങ്ങുന്നിടത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ഇരുചക്ര വാഹനങ്ങള്‍ കൊയിലാണ്ടി ലോറി സ്റ്റാന്റിലും കൊയിലാണ്ടി ആശുപത്രിയുടെ പഴയകെട്ടിടം പൊളിച്ച സ്ഥലത്തും കേരള ബാങ്കിന്റെ മുന്‍വശത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്സ്.എസ്സ് (പഴയ ബോയ്‌സ് സ്‌കൂള്‍) ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മണ്ഡലത്തിലെ ആറു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിളംബരജാഥകള്‍ സംഘടിപ്പിച്ചിരുന്നു. പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ വിളംബരജാഥകള്‍ സമൂഹത്തിലെ നാനാ തുറകളില്‍പെട്ട ആളുകളുടെ വന്‍ പങ്കാളിത്തം കൊണ്ടും ആകര്‍ഷണീയത കൊണ്ടും ശ്രദ്ധേയമായി. കൊയിലാണ്ടി മുനിസിപ്പാലിറ്റി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഇന്ന് വന്‍ജനപങ്കാളിത്തത്തോടെ ആകര്‍ഷകമായി വിളംബരജാഥകള്‍ നടക്കും.
അനുബന്ധ പരിപാടികളായ കൂട്ടയോട്ടം, ചിത്രകാരന്മാരുടെ കൂട്ടായ്മയായ കൂട്ടവര, മെഹന്തി ഫെസ്റ്റ് എന്നീ പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. കൂടാതെ ഇന്നും നാളെയുമായി മണ്ഡലത്തിലെ വിവിധ കാലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഫ്‌ലാഷ്‌മോബ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എം.എല്‍.എ കാനത്തില്‍ ജമീല, നോഡല്‍ ഓഫീസര്‍ എന്‍.എം.ഷീജ, ചെയര്‍വേഴ്‌സണ്‍ സുധ കിഴക്കേ പാട്ടില്‍, മുന്‍ എം.എല്‍.എ പി.വിശ്വന്‍, കെ.ദാസന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ഇ.കെ.അജിത്ത് മാഷ്, ടി.കെ. ചന്ദ്രന്‍, എം.പി.ഷിബു, ഷിജുമാസ്റ്റര്‍ കെ.ജീവാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.