‘സർക്കാരിന്റെ വികസന നേട്ടങ്ങങ്ങൾ’; ദൃഷ്യാവിഷ്കാരവുമായി കൊച്ചിന്‍ കലാഭവന്‍; കലാജാഥയ്ക്ക് ജില്ലയില്‍ ഗംഭീര തുടക്കം
കൊയിലാണ്ടി: നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥമുള്ള കൊച്ചിന്‍ കലാഭവന്റെ കലാജാഥയ്ക്ക് ജില്ലയില്‍ തുടക്കമായി. നാദാപുരത്തുനിന്നും ആരംഭിച്ച കലാജാഥ പര്യടനത്തിന്റെ ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ നിർവഹിച്ചു. നവകേരള സദസ്സിന്റെ സന്ദേശങ്ങളും കലാപരിപാടികളും ഉൾക്കൊള്ളിച്ചാണ് പരിപാടി അവതരിപ്പിക്കുന്നത്. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയരായ കലാകാരന്മാരുടെ കൂട്ടായ്മയായ ‘ആർ.എൻ ആർട്സ് ക്ലബ്’ആണ് പരിപാടി അവതരിപ്പിച്ചത്.
കൊയിലാണ്ടിയിൽ നടന്ന സ്വീകരണ ചടങ്ങ് കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ ഷിജു, മുൻ എംഎൽഎ കെ ദാസൻ എന്നിവർ പങ്കെടുത്തു. നവംബർ 23,24,25 തിയ്യതികളിൽ ശേഷിക്കുന്ന മണ്ഡലങ്ങളിൽ കലാജാഥ പര്യടനം നടത്തും.
സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്ക്കാരത്തിന് പുറമെ കലാഭവൻ രാജേഷും സംഘവും അവതരിപ്പിച്ച കലാവിരുന്നും കലാജാഥക്ക് നിറം പകർന്നു. കലാകാരന്മാരായ നവീൻ പാലക്കാട്, രാഹുൽ മോഹൻ, അജിത്ത് കോഴിക്കോട് എന്നിവരും ടെക്നീഷ്യന്മാരും അടക്കം എട്ട് പേരാണ് സംഘത്തിലുള്ളത്. മികച്ച ശബ്ദ സംവിധാനവും സ്റ്റേജ് സൗകര്യങ്ങളുമുള്ള വാഹനത്തിലാണ് പരിപാടികൾ അരങ്ങേറിയത്.
നാദാപുരം, കൊയിലാണ്ടി എന്നീ മണ്ഡലങ്ങള്‍ക്ക് പുറമെ കുറ്റ്യാടി, പേരാമ്പ്ര, മേപ്പയൂർ, ആയഞ്ചേരി, വടകര, എന്നിവിടങ്ങളിലും കലാജാഥ പര്യടനം നടത്തി. വിവിധ സ്ഥലങ്ങളിൽ കലാജാഥയ്ക്ക് വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി വനജ, കെ.പി ചന്ദ്രി, എൻ.പി ബാബു, പഞ്ചായത്തു പ്രസിഡന്റുമാരായ വി.കെ പ്രമോദ്, ഒ.ടി നഫീസ, വൈസ് പ്രസിഡന്റ് കെ.പി റീന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശശികുമാർ പേരാമ്പ്ര എന്നിവർ ചേർന്ന് സ്വീകരണം നൽകി.